ആലപ്പുഴ: ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പിടിയില്‍. ആലപ്പുഴ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കെ.ജെ ഹാരിസ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലന്‍സിന്റെ പിടിയിലായത്.
ആലപ്പുഴ ജില്ലയിലെ, മാരാരിക്കുളം സ്വദേശിയായ, പരാതിക്കാരന്‍ അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ഈ വര്‍ഷം ജനുവരിയില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പരാതിക്കാരന്‍ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കെ.ജെ. ഹാരിസിനെ ഓഫീസില്‍ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലി ആയി നല്‍കണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം ആലപ്പുഴ വിജിലന്‍സ് ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കെണി ഒരുക്കി ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വച്ച് പരാതിക്കാരന്‍ നിന്നും ആദ്യ ഗഡുവായി 2,000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.
പിടികൂടിയ പ്രതിയെ കോട്ടയം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ഹോംസ്റ്റേ തുടങ്ങണമെന്ന പേരില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വേഷം മാറി കൊണ്ട് ഹാരിസിനെ സമീപിച്ച വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരോടും ഹോംസ്റ്റേ അനുവധിക്കണമെങ്കില്‍ 2,000 രൂപ കൈക്കൂലി നല്‍കണമെന്നും അറിയിച്ചു.