കക്കാട് സ്‌കൂള്‍ കൂടുതല്‍ കളറാകുന്നു; ‘വിഷന്‍ 2025’ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും

കക്കാട് സ്‌കൂള്‍ കൂടുതല്‍ കളറാകുന്നു; ‘വിഷന്‍ 2025’ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും

മുക്കം: പാഠ്യ-പാഠ്യേതര രംഗത്ത് മികവിന്റെ വഴിയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ജി.എല്‍.പി സ്‌കൂളില്‍ വിഷന്‍ 2025 പദ്ധതിയുടെ ഭാഗമായി പുതുതായി പണിയാനിരിക്കുന്ന അത്യാധുനിക ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2023 ജൂലൈ 9ന് നടക്കും. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച രാവിലെ 11ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.

സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പഞ്ചായത്തും വിലകൊടുത്ത് വാങ്ങിയ കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് കൂറ്റന്‍ കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമാകുക. തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടി രൂപയോളം ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിന് ഒരു കോടി 34 ലക്ഷം രൂപ ഇതിനകം പാസായിട്ടുണ്ട്.

പരിപാടി നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ ഇന്ന് സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എന്നിവയുടെ സംയുക്ത എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ബലി പെരുന്നാളിന് മുമ്പായി നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ത്ത് സംഘാടകസമിതി രൂപീകരിക്കാനും തീരുമാനിച്ചു. സ്‌കൂളില്‍ ഫുട്ബാള്‍ ടീമുണ്ടാക്കാനും പരിശീലനം പൂര്‍ത്തിയായ ശേഷം ഉപജില്ലാ തലത്തില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍, ലിന്റോ ജോസഫ് എം.എല്‍.എ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകനും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി, മുക്കം എ.ഇ.ഒ ദീപ്തി ടീച്ചര്‍, കുന്ദമംഗലം ബി.പി.സി അജയന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ പരിപാടികളില്‍ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗം വാര്‍ഡ് മെമ്പര്‍ എടത്തില്‍ ആമിന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജാനീസ് ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സ്റ്റാഫ് സെക്രട്ടറി ജി. ഷംസുദ്ദീന്‍ മാസ്റ്റര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. എസ്.എം.സി ചെയര്‍മാന്‍ കെ. ലുഖ്മാനുല്‍ ഹക്കീം, വൈസ് ചെയര്‍മാന്‍ നൗഷാദ് എടത്തില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പി. സാദിഖലി മാസ്റ്റര്‍, മുനീര്‍ പാറമ്മല്‍, ഷഹനാസ് ബീഗം പി.പി, കെ. ഫിറോസ് മാസ്റ്റര്‍, ഷാക്കിര്‍ പാലിയില്‍, സാലിഹ് മാസ്റ്റര്‍, കമറുന്നീസ മൂലയില്‍, ഷീബ .എം, വിപിന്യ പി.കെ, ഷാമില .പി, എം. അബ്ദുല്‍ഗഫൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *