തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കെഎസ്‌യു സംസ്ഥാന കൺവീനറായിരുന്ന അൻസിൽ ജലീലിനെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു. കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസ്. വ്യാജരേഖാ നിർമാണവും വഞ്ചനാ കുറ്റവും ചുമത്തിയിരിക്കുന്നത്. ബി കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് കെഎസ്‌യു നേതാവിനെതിരെയുള്ള ആക്ഷേപം.
തന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം പുറത്ത് വന്നതിന് പിന്നാലെ, ഇത് തെറ്റായ ആരോപണം ആണെന്നും വ്യാജ രേഖയെ പറ്റി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അൻസിൽ ജലീൽ തന്നെ രംഗത്തുവന്നിരുന്നു. ദേശാഭിമാനിയാണ് വ്യാജ സർട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചത്.
അതേസമയം വിവിധ തെളിവുകൾ നിരത്തി ഇത് താൻ സമർപ്പിച്ച രേഖയല്ലെന്ന് വാദിച്ച് അൻസിൽ രംഗത്തുവരികയായിരുന്നു. സംഭവത്തിൽ പരാതി നൽകുകയും ചെയ്തു.
എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, വിദ്യ എന്നിവർ വ്യാജ രേഖാവിവാദത്തിൽ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് ഇത് രാഷ്ട്രീയമായി അവസരമാക്കിയ കെഎസ്യു നേതാവിനെതിരെ ദേശാഭിമാനി ആരോപണവുമായി രംഗത്തുവരുന്നത്.