വിദ്യ ഒളിച്ചത് വടകരയിൽ; ജൂലായ് ആറ് വരെ റിമാന്റിൽ, അ​ഗളി പോലീസ് കൊണ്ടുപോയി

വിദ്യ ഒളിച്ചത് വടകരയിൽ; ജൂലായ് ആറ് വരെ റിമാന്റിൽ, അ​ഗളി പോലീസ് കൊണ്ടുപോയി

പാലക്കാട്: വ്യാജരേഖ കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയെ ജൂലായ് ആറ് വരെ റിമാൻഡ് ചെയ്തു. വിദ്യയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. കഴിഞ്ഞ രണ്ടാഴ്ചത്തോളം ഒളിവിലായിരുന്ന വിദ്യയെ വടകര വല്യാപള്ളി സ്വദേശി മേപ്പയിൽ കുട്ടോത്ത് രാഘവന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത് എന്ന് പോലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിദ്യ പറയുന്നത്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുണ്ടായ കേസാണിതെന്നുമാണ് വിദ്യയുടെ പ്രധാനവാദം. എന്നാൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ജോലി കരസ്ഥമാക്കണം എന്ന ഉദ്ദേശത്തിലാണെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് സീലും സ്‌പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലിന്റെ സീലും പോലീസ് പരിശോധിച്ചു.

അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് തുടങ്ങിയിടങ്ങളിൽ തെളിവെടുപ്പ് നടത്തും. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുകയും വേണം.

മാധ്യമങ്ങളേയും ജനങ്ങളേയും തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നും വിദ്യ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു, ഒളിവിൽ പോയതായിരുന്നില്ലെന്നും പ്രതിഭാഗം പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *