മണിപ്പൂരില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആരെയു വേദനിപ്പിക്കുന്നതാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടത്തുന്ന ലഹള അവസാനിപ്പിക്കുകയും സമാധാനം പുലരാനും നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലൂടെ സാധിക്കട്ടെ. അവിടെ സമാധാന ജീവിതം നഷ്ടപ്പെടുകയും ആളുകള്‍ ആയുധങ്ങളെടുത്ത് പോരടിക്കുകയും ചെയ്യുന്നതിനിടയാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആയുധംകൊണ്ട് അസംതൃപ്തരായ ഒരു ജനവിഭാഗത്തേയും അടിച്ചമര്‍ത്താനാവില്ലെന്നതാണ് സത്യം. മണിപ്പൂരില്‍ ഈ സംഘര്‍ഷത്തിന് ആധാരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണം. മെയ്‌തേയ്-കുകി വിഭാഗങ്ങള്‍ തമ്മിലുള്ള അസ്വാരസ്യം ഇല്ലാതാക്കണം. മണിപ്പൂരിലെ ഭരണകക്ഷിയും പ്രതിപക്ഷവും സമാധാനം പുലരാന്‍ കൈകോര്‍ക്കണം.
കലാപത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വന്നവരെ എല്ലാവരും സഹായിക്കണം. അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും പ്രശ്‌ന പരിഹാരത്തിന് വലിയ ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് നാളെ ചേരുന്ന സര്‍വ്വകക്ഷിയോഗം. മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തമ്മില്‍ പഴിചാരിയിട്ട് കാര്യമില്ല. അവിടെ സംഘര്‍ഷം ഉടലെടുക്കാനുണ്ടായ സാഹചര്യം ആരുടെ ഭാഗത്ത് നിന്നായാലും അവരത് തിരുത്താന്‍ തയാറാകണം. വംശീയമായി ജനങ്ങള്‍ ഭിന്നിച്ചാല്‍ എത്ര തണുപ്പിച്ചാലും അതിനകത്ത് കലനുകളുണ്ടാകും. അതില്ലാതാക്കണമെങ്കില്‍ പ്രശ്‌നപരിഹാരം ഇരുകൂട്ടര്‍ക്കും ബോധ്യപ്പെടുന്ന തരത്തിലാവുക മാത്രമാണ് പോംവഴി. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് മണിപ്പൂര്‍.
അവിടെയുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണ്. അവര്‍ തമ്മില്‍ തല്ലുന്നത് കൈയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. മണിപ്പൂരില്‍ സമാധാനം പുലരാന്‍ നാമെല്ലാം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. ഭരിക്കുന്നവര്‍ ആരുമാകട്ടെ അവരുടെ നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതാകരുത്. ഇക്കാര്യം ഭരണകര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. വോട്ടുബാങ്കുകള്‍ മാത്രമാകരുത് ആരുടേയും ലക്ഷ്യം. നമ്മുടെ നാടിന്റെ ഐക്യം, ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യം അതിന് മുറിവുണ്ടാക്കുന്ന ഒരു നടപടിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യരുത്. ജനാധ്യപത്യമാണ്, അത് മാറ്റിമറിച്ചിലുകള്‍ക്ക് വിധേയമാവുക തന്നെ ചെയ്യും. ജനങ്ങള്‍ പരമാധികാരികളാകുന്ന സംവിധാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അമരത്വം ലഭിക്കില്ല. ഈ തിരിച്ചറിവിലൂടെ വേണം രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോകേണ്ടത്. മണിപ്പൂരിലെ സഹോദരങ്ങള്‍ സാഹോദര്യത്തോടെ മുന്നോട്ടുപോകുന്ന നല്ലകാലം ഉണ്ടാവാന്‍ സര്‍വകക്ഷിയോഗം വഴിയൊരുക്കട്ടെ.