തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപിക്കുന്നു. ഇന്ന് 13490 ൽ ഏറെ പേരാണ് ചികിത്സ നേടിയത്. ഇതിൽ 163 പേരെ അഡ്മിറ്റ് ചെയ്തു. ഇന്നലെ 13258 പേർ ചികിത്സ തേടിയിരുന്നു.
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാളും, കൊല്ലത്ത് ഡങ്കിപ്പനി ബാധിച്ച് ഒരാളും മലപ്പുറം കുറ്റിപ്പുറത്ത് പന്നിപ്പനി ബാധിച്ച് ഒരു കുട്ടിയും വ്യാഴാഴ്ച മരിച്ചു. പനി ബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വലിയ വർധനവുണ്ടായിട്ടുണ്ട്.
മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത്–2051. കൂടുതൽ പേരെ അഡ്മിറ്റ് ചെയ്തത് എറണാകുളത്താണ്–35. ഔദ്യോഗിക കണക്കനുസരിച്ച് 282 രോഗികൾക്കാണ് ഡെങ്കി ലക്ഷണം. ഇതിൽ 53 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കൂടുതലും കൊല്ലത്താണ്. 16പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് 14 പേർക്ക് രോഗമുണ്ട്. ഏഴുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ആരോഗ്യമന്ത്രി വീണാ ജോർജ്, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജൂലായ് മാസത്തിൽ കൂടുതൽ പകർച്ചപ്പനി വ്യാപനമുണ്ടാവാനിടയുണ്ടെന്നാണ് കരുതുന്നത്. വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.