മലപ്പുറം: കുറ്റിപ്പുറത്ത് പന്നിപ്പനി (H1N1) ബാധിച്ച് ഒരു കുട്ടി മരിച്ചു. പനിബാധിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗോകുൽ (13) ആണ് മരിച്ചത്. ഗോകുലിൻറെ മരണം പന്നിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറത്ത് എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് പന്നിപ്പനി മരണം സംഭവിച്ചിരിക്കുന്നത്.
മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പകർച്ചപ്പനി പടരുകയാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൊല്ലത്ത് ഒരു ഡെങ്കിപ്പനി മരണവുമുണ്ടായി. പ്രതിദിനം പന്ത്രണ്ടായിരത്തിൽപരം പേർ പനിബാധിച്ച് ആശുപത്രികളിൽ എത്തുന്നുണ്ടെന്നാണ് കണക്ക് മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ.
വൈറൽ പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സർക്കാർ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.