- വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ്ഗനിര്‍ദേശവുമായി എന്‍.ഐ.ടി കാലിക്കറ്റ്
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി) എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ അനന്തമായ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി എഞ്ചിനിയറിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘ദിശ-2023’ (ഡയറക്ഷന്‍ ആന്റ് ഇന്‍സ്പിരേഷന്‍ ടു സ്റ്റുഡന്റസ് ഫോര്‍ ഹോളിസ്റ്റിക് അഡ്വാന്‍സ്‌മെന്റ്) എന്ന പേരില്‍ വിദ്യാഭ്യാസ മാര്‍ഗ്ഗദര്‍ശന പരിപാടി സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും എഞ്ചിനിയറിങ്ങിലെ ശരിയായ മേഖല തെരഞ്ഞെടുക്കാന്‍ വഴികാട്ടുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. എന്‍.ഐ.ടി.സിയിലെ വിദഗ്ധ അധ്യാപകര്‍ വിവിധ എഞ്ചിനിയറിങ് വിഭാഗങ്ങള്‍, അതിന്റെ ഭാവി സാധ്യതകള്‍, അക്കാദമിക് വശങ്ങള്‍എന്നിവയെ ക്കുറിച്ച് സംവദിക്കും.
2023ല്‍ എഞ്ചിനിയറിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഓണ്‍ലൈനായി നടത്തുന്ന മാര്‍ഗനിര്‍ദേശ പരിപാടിയില്‍ പങ്കെടുക്കാം. ജൂണ്‍ 26 വൈകുന്നേരം 6 മണിക്ക് പരിപാടി ആരംഭിക്കും. ഓണ്‍ലൈന്‍ സെഷനില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ https://nitc.ac.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂണ്‍ 26 രാവിലെ 10 മണിവരെയാണ് രജിസ്‌ട്രേഷന്‍ സമയം. സ്ഥാപനത്തിലെ വിവിധ വകുപ്പുകളുമായി സഹകരിച്ച് എന്‍.ഐ.ടി.സിയുടെ സെന്റര്‍ ഫോര്‍ പബ്ലിക് റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ എക്‌സ്‌ചേഞ്ച് (സി – പ്രൈം) ആണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.