കരൂര്‍: ദളിതര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അടച്ചുപൂട്ടിയ ക്ഷേത്രം തുറന്നു. കരൂര്‍ ജില്ലയിലെ വീരനാംപെട്ടി കാളിയമ്മന്‍ ക്ഷേത്രമാണ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ഊരാളി ഗൗഡ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കലക്ടറും എസ്.പിയും നേരിട്ടെത്തിയാണ് ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ചത്. ദശാബ്ദങ്ങളായി ദളിതര്‍ക്ക് മുന്നില്‍ അടച്ചിട്ട ക്ഷേത്ര വാതിലുകളാണ് ബുധനാഴ്ച തുറന്നുനല്‍കിയത്.
ക്ഷേത്രം തുറന്നതിന് തൊട്ടുപിന്നാലെ ഇരുവിഭാഗത്തില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ക്ഷേത്രത്തില്‍ പൂജകള്‍ നടത്തി. ക്ഷേത്രത്തില്‍ കയറിയതിന് ജൂണ്‍ ഒന്‍പതിന് ദളിത് യുവാവിനെ പുറത്താക്കിയിരുന്നു. ഇതില്‍ ഊരാളി ഗൗഡ വിഭാഗക്കാര്‍ക്കൊപ്പം മറ്റുള്ള വിഭാഗത്തിലുള്‍പ്പെട്ടവരും ക്ഷേത്ര ജീവനക്കാരുടെ നടപടിയെ അനുകൂലിച്ചിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞ ജില്ലാ ഭരണകൂടം ക്ഷേത്രം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ദളിത് ഇതര വിഭാഗങ്ങള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ പുഷ്പ ദേവി ക്ഷേത്രം സീല്‍ ചെയ്തത്. ഇത് മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കിയിരുന്നു.
പ്രതിഷേധക്കാര്‍ റോഡ് ഉപരോധവും സമരവും നടത്തിയതിന് പിന്നാലെ കരൂര്‍ ജില്ലാ പോലിസ് പ്രതിഷേധക്കാര്‍ക്കെതിരേ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. നിയമ നടപടികള്‍ക്ക് ശേഷം ദളിത് വിഭാഗങ്ങളും ദളിത് ഇതര വിഭാഗങ്ങളും തമ്മില്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചത്.