ടൈറ്റന്‍ പേടകം തിരയാന്‍ ‘വിക്ടര്‍ 6000’ അറ്റ്ലാന്റിക് അടിത്തട്ടിലേക്ക്; ഓക്സിജന്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം

ടൈറ്റന്‍ പേടകം തിരയാന്‍ ‘വിക്ടര്‍ 6000’ അറ്റ്ലാന്റിക് അടിത്തട്ടിലേക്ക്; ഓക്സിജന്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം

ന്യൂയോര്‍ക്ക്: ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ ഗേറ്റ് ടൈറ്റന്‍’ പേടകം തിരയാന്‍ റോബോട്ടിക് പേടകം ‘വിക്ടര്‍ 6000’ രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയിലെത്തിയതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. ടൈറ്റന്‍ പേടകത്തിലെ ഓക്സിജന്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകം എല്ലാ സന്നാഹത്തോട് കൂടിയും അവസാനവട്ട രക്ഷാപ്രവര്‍ത്തനത്തിലാണ്.
സമുദ്രാന്തര്‍ തിരച്ചില്‍യാനങ്ങളില്‍ ഏറെ പ്രശസ്തിയുള്ള ഫ്രഞ്ച് റോബോട്ടിക് പേടകമാണ് വിക്ടര്‍ 6000. വെള്ളത്തിനടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച ഈ റോബോട്ടിക് പേടകം മണിക്കൂറുകളെടുത്താണ് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയിലെത്തിച്ചത്. ഫ്രഞ്ച് പര്യവേക്ഷണ കപ്പല്‍ ലാ അറ്റ്ലാന്റെയിലാണ് വിക്ടര്‍ 6000 രക്ഷാപ്രവര്‍ത്തന മേഖലയിലെത്തിയത്.

20000 അടി (6000 മീറ്റര്‍) താഴ്ചയില്‍ വരെ തിരച്ചില്‍ നടത്താന്‍ ഇതിന് സാധിക്കും. രണ്ടു പൈലറ്റുമാര്‍ അടങ്ങുന്ന സംഘങ്ങള്‍ നാലു ഷിഫ്റ്റുകളിലായി, കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് വിക്ടറിന്റെ പ്രവര്‍ത്തനങ്ങളും സഞ്ചാരപാതയും നിരീക്ഷിക്കും. ഇവര്‍ക്കു പുറമേ ഒരാള്‍ കൂടി സഹായത്തിനുണ്ടാകും. ഇയാള്‍ കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡിലെയോ ഓഷന്‍ ഗേറ്റ് ടൈറ്റനിലെയോ ജീവനക്കാരനാകും.

വിക്ടര്‍ 6000 ലെ ലൈറ്റുകളും ക്യാമറകളും കടലിന്റെ അടിത്തട്ടിലെ തത്സമയ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലെത്തിക്കും. എട്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള മാതൃകപ്പലുമായി വിക്ടര്‍ 6000 ഒരു കേബിള്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. വിക്ടറിന് ആവശ്യമായ വൈദ്യുതി ഈ കപ്പല്‍ നല്‍കും. അതിനാല്‍ എത്ര ആഴത്തില്‍ വേണമെങ്കിലും ഈ പേടകത്തിന് തിരച്ചില്‍ നടത്താം. 1999 മുതല്‍ ഫ്രാന്‍സിന്റെ സമുദ്ര വിജ്ഞാനിക കപ്പല്‍പ്പടയുടെ ഭാഗമായി ഈ റോബോട്ടിക് പേടകം പ്രവര്‍ത്തിക്കുന്നുണ്ട്. ആറായിരം അടി താഴ്ചയില്‍ വരെ തിരച്ചില്‍ നടത്താന്‍ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.. ഓഷന്‍ ഗേറ്റ് ടൈറ്റന്‍ എന്ന പേടകം കാണാതായി 96 മണിക്കൂറുകള്‍ പിന്നിട്ടിട്ടും സമുദ്രാന്തര്‍ ഭാഗത്ത് ഇത് എവിടെയെന്ന് മനസിലാക്കുന്നതിനുള്ള കൃത്യമായ സൂചന പോലും കിട്ടിയിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *