കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ജൂലായ് നാലിന് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണാ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദനരംഗത്ത് തന്നെ തടയുന്നതിനു യാതൊരു നടപടിയും എടുക്കാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ തെരഞ്ഞുപിടിച്ചു പീഡിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ അമിതമായ പിഴ ചുമത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക, അമിതമായ വ്യാപാര ലൈസന്‍സ് ഫീസ് വര്‍ധനവും കെട്ടിട നികുതി വര്‍ധനവും പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിക്കുന്നത്.
ഇന്ധന സെസ്സ് ഏര്‍പ്പെടുത്തിയ തീരുമാനം ഉള്‍പ്പെടെയുള്ളവ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി മാസം ഏകോപന സമിതി സംസ്ഥാന തലത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം തീരുമാനങ്ങള്‍ കൊണ്ട് നൈമിഷിക ലാഭത്തേക്കാള്‍ കാലക്രമത്തില്‍ സംസ്ഥാനത്തിനു വരുമാന നഷ്ടം ആണ് ഉണ്ടാവുക. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഇന്ധന വില്‍പ്പനയില്‍ സംസ്ഥാനത്ത് കുറവ് സംഭവിച്ചിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രാ വാഹനങ്ങളും സംസ്ഥാനാനന്തര ചരക്ക് വാഹനങ്ങളും ഇപ്പോള്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ധനം വാങ്ങുന്നത്.
വ്യാപാര ലൈസന്‍സ് ഫീസ്, കെട്ടിട നികുതി ഉള്‍പ്പെടെ എല്ലാത്തരം ഫീസുകളും വര്‍ധിപ്പിച്ചിരിക്കുകയാണ്. സ്ഥിതി ഇതേപടി തുടര്‍ന്നാല്‍ ചെറുകിട വ്യാപാരികള്‍ പൂര്‍ണമായും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് പോകേണ്ടിവരും. ചെറുകിട വ്യാപാരികളുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ഉദ്യോഗസ്ഥ സ്‌ക്വാഡുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉള്ള വേട്ടയാടലുകളും പിഴചുമത്തലുകളും ഫീസ് വര്‍ധനവുകളും അവസാനിപ്പിച്ച് വ്യാപാരി സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു.