നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് ചോറ്. രാവിലെയാണെങ്കിൽ അരിപ്പൊടികൊണ്ടോ അരി അരച്ചോ ഉള്ള പലഹാരങ്ങളാണ് നമ്മൾ മലയാളികൾ കഴിക്കാറുള്ളത്. ഉച്ചയ്ക്കും ചോറ് തന്നെയാണ് പ്രധാന ഭക്ഷണം. എന്നിരുന്നാലും, പ്രധാന ഭക്ഷണമായി അരിയെ ആശ്രയിക്കുന്നത് എല്ലായ്‌പ്പോഴും ആരോഗ്യത്തിന് നല്ലതല്ല. ചില അവശ്യ കാർബോഹൈഡ്രേറ്റുകൾ അരിയിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും കൂടുതൽ അന്നജവും കുറഞ്ഞ പോഷണവുമാണ് അരിയിലുള്ളത്. വല്ലപ്പോഴുമായി അരി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ലെങ്കിലും ഇത് കാർബോഹൈഡ്രേറ്റ് ആയതിനാൽ കഴിക്കുന്നത് നിയന്ത്രിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
അരി ഭക്ഷണം ഉപേക്ഷിക്കുമ്പോൾ, ശരീരത്തിലെത്തുന്ന കലോറി കുറയും ശരീരഭാരം കുറയാൻ ഇത് കാരണമാകും. ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റ് കുറയുമ്പോൾ സ്വാഭാവികമായി രക്തത്തിലെ പഞ്ചസാരയുടെ അളവിലും സ്ഥിരത വരും. എന്നിരുന്നാലും, അരി ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ആ സമയത്തേക്ക് മാത്രമാണ്. വീണ്ടും ചോറ് കഴിക്കാൻ തുടങ്ങിയാൽ ഗ്ലൂക്കോസിന്റെ അളവ് പഴയ അവസ്ഥയിലേക്ക് തന്നെ പോകും എന്ന കാര്യത്തിൽ സംശയിക്കേണ്ട.
തലേ ദിവസത്തെ ചോറ് തിളപ്പിച്ച് പിറ്റേ ദിവസം കഴിക്കുന്നതിൽ കാര്യമുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. വീണ്ടും വീണ്ടും കഴുകുകയും തിളപ്പിക്കുകയും ചെയ്യുമ്പോൾ അരിയിലുള്ള അന്നജം കുറച്ച് നഷ്ടപ്പെടും എന്നത് മാത്രമാണ് വ്യത്യാസം.
തവിടോട് കൂടിയ അരി കഴിക്കുന്നത് താരതമ്യേന ഗുണകരമാണ്. അപ്പോഴും നാരുകൾ അടങ്ങിയ പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.