ചര്‍മ്മമുഴ രോഗം മൂലം ചത്ത പശുക്കള്‍ക്കുള്ള നഷ്ടപരിഹാരത്തുക കര്‍ഷകര്‍ക്ക് ഉടന്‍ നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഇക്കഴിഞ്ഞ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ചര്‍മ്മമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നഷ്ടപരിഹാരത്തുകയായി വലിയ പശുവിന് 30,000 രൂപയും പ്രായം കുറഞ്ഞ പശുവിന് 16,000 രൂപയും പശുക്കുട്ടിക്ക് 5,000 രൂപയും നല്‍കുമെന്നാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരത്തുക വേഗത്തില്‍ കൈമാറുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ചര്‍മ്മമുഴയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ചുവടെ പറയുന്ന നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതാണ്.
- നിലവിലുള്ള നിശ്ചിത മാതൃകയില്‍ കര്‍ഷകന്‍ പൂരിപ്പിച്ച് നല്‍കിയ അപേക്ഷ.
- കര്‍ഷകന്റെ തിരിച്ചറിയല്‍ രേഖ (ആധാര്‍ കാര്‍ഡ്)
- നഷ്ടപരിഹാരത്തുക ലഭ്യമാക്കേണ്ടുന്ന ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (അപേക്ഷകന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ്, ബ്രാഞ്ചിന്റെ പേര് മുതലായവ ഉള്‍പ്പെടുത്തണം)
- വാര്‍ഡ് മെമ്പര്‍ അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് നല്‍കുന്ന സാക്ഷ്യപത്രം
- സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ ചികിത്സ നടത്തി എന്നതിന് വെറ്ററിനറി ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്
- ഉരു മരിച്ചുകിടക്കുന്ന ഫോട്ടോ
- ഉരുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്
- പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാം എന്ന് നിര്‍ദേശമുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമല്ലാത്ത അപേക്ഷകളും സ്വീകരിക്കും.
- ചര്‍മ്മമുഴ പ്രകൃതിക്ഷോഭവുമായി ബന്ധപെട്ടുള്ളതല്ലാത്തതിനാല്‍ വില്ലേജ് /റവന്യൂ അധികാരിയുടെ സാക്ഷ്യപത്രം ആവശ്യമില്ല.
- ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചിട്ടില്ല എന്ന് കര്‍ഷകന്റെ സാക്ഷ്യപത്രം (ആയത് വെറ്ററിനറി സര്‍ജന്‍ സാക്ഷ്യപ്പെടുത്തിയത്)
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.