മുബൈ: അമുല്‍ ഗേളിന്റെ സൃഷ്ടാവ് സില്‍വസ്റ്റര്‍ ഡകൂന അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1966ല്‍ ആണ് അമുലിന് വേണ്ടി സില്‍വസ്റ്റര്‍ ഡകൂന പരസ്യ കാംപയിന് തുടക്കം കുറിക്കുന്നത്. പരസ്യ ഏജന്‍സിയായ എ.എസ്.പിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സില്‍വസ്റ്റര്‍ ഡകൂനയും കലാസംവിധായകന്‍ യൂസ്റ്റേസ് ഫെര്‍ണാണ്ടസും ചേര്‍ന്നാണ് അമുല്‍ ബ്രാന്‍ഡ് ഐക്കണായ അമുല്‍ ഗേളിനെ രൂപകല്‍പ്പന ചെയ്തത്.
ഒരു കുട്ടിയെ ബ്രാന്‍ഡിന്റെ മുഖമാക്കാമെന്ന് ചിന്തിച്ചതിന് ശേഷമാണ് യൂസ്റ്റസ് ഫെര്‍ണാണ്ടസിനോട് സില്‍വസ്റ്റര്‍ ഡകൂന തന്റെ മനസിലെ ആശയം വിശദീകരിച്ചത്. സില്‍വസ്റ്ററിന്റെ പങ്കാളിയായ നിഷ ഡകൂനയാണ് പരസ്യ കാംപയിനിലെ ‘തീര്‍ത്തും വെണ്ണപോലെ രുചികരമായ’ എന്ന ആകര്‍ഷക വാക്യത്തിന്റെ സൃഷ്ടാവ്.
അമുലിന്റെ ജനപ്രീതി കൂട്ടാന്‍ പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയും റോസ് കവിളുകളുമുള്ള ‘അമുല്‍ ഗേള്‍’ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഇന്നും കാലികപ്രസക്തി ഒട്ടും ചോരാതെ പരസ്യത്തിലെ പെണ്‍കുട്ടി ജനഹൃദയങ്ങളിലുണ്ട്. പ്യൂര്‍ലി ദി ബെസ്റ്റ് എന്നായിരുന്നു അമുല്‍ ബട്ടറിന്റെ ആദ്യ ടാഗ്‌ലൈന്‍. ഈ ടാഗ്‌ലൈന് പകരമാണ് ‘ഞങ്ങളുടെ ദൈനംദിന റൊട്ടി: അമുല്‍ വെണ്ണയ്ക്കൊപ്പം’ എന്ന വരിയോടെയുള്ള ടാഗ്ലൈന്‍ അദ്ദേഹം സൃഷ്ടിച്ചത്. അമുലിന്റെ ഇന്ത്യ 3.0 എന്ന പുസ്തകം അനുസരിച്ച് അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ സ്ഥാനം പിടിക്കാന്‍ കഴിയുന്ന ഒരു ഭാഗ്യചിഹ്നം സൃഷ്ടിക്കാന്‍ ഡകൂന ആഗ്രഹിച്ചിരുന്നു. 2016ല്‍ അമുല്‍ ഗേളിന്റെ അന്‍പതാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചിരുന്നു.
പരസ്യ വ്യവസായത്തിന് തീരാ നഷ്ടമാണ് സില്‍വസ്റ്റര്‍ ഡകൂനയുടെ വിയോഗമെന്ന് അമുല്‍ മാര്‍ക്കറ്ററും ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായ ജയന്‍ മേത്ത പറഞ്ഞു.