കുറ്റിക്കാട്ടൂര്‍: സംഗീതം സാമൂഹ്യനവോത്ഥാന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനുള്ള സമരായുധം കൂടിയാണെന്ന് പ്രമുഖഫോക്ലോറിസ്റ്റും കവിയും പിന്നണിഗായകനുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലോകസംഗീതദിനാചരണവും ‘പൊലിമ ‘നാടന്‍പാട്ട് സംഘവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടിന്റെ പ്രഭവകേന്ദ്രം വാമൊഴിഭാഷാസംസ്‌കാരവും ഗോത്രസംഗീതവുമാണ്. നാട്ടുവാദ്യങ്ങളുടെ വ്യത്യസ്ത ഈണങ്ങള്‍ ആശയവിനിമയത്തിനുള്ള ഉപാധിയായും പഴയ സമൂഹങ്ങള്‍ പ്രയോഗിച്ചു. മനുഷ്യമനസുകള്‍ തമ്മിലുള്ള അകലം കുറച്ച് മാനവികബോധം ഊട്ടിയുറപ്പിക്കുന്നതില്‍ പാട്ടിനും പ്രകടനകലാരൂപങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ ഭാഗമായി നാടന്‍ പാട്ട് ശില്‍പശാലയും വിവിധ കലാഅവതരണങ്ങളും നടന്നു.
പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ ഇടക്കണ്ടി അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി എച്ച്.എം രാജീവ്.കെ, സീനിയര്‍ അധ്യാപകന്‍ കെ.രൂപേഷ്, എസ്.എം. സി ചെയര്‍മാന്‍ ബഷീര്‍.എം, കോമഡി ഉത്സവം ഫെയിം രഞ്ജിത്ത്, വിദ്യാരംഗം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വിദ്യ.വി, എസ്.ആര്‍.ജി കണ്‍വീനര്‍ സ്മിത.സി, പുരുഷോത്തമന്‍.ടി, ഷെരീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപിക ജീജ.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് ജി.നന്ദിയും പറഞ്ഞു. കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കലാകേദാരം ‘ എന്ന പ്രത്യേക ക്ലാസ്മുറിയും സജ്ജീകരിച്ചിട്ടുണ്ട്. നേരത്തേ കുട്ടികളുടെ ‘ശിങ്കാരിമേളം ‘ ട്രൂപ്പും പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂളിലെ സംഗീതാധ്യാപകനായ പ്രശാന്ത് ജി ആണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.