കൊച്ചി വാട്ടര്‍ മെട്രോയില്‍ 5ജി സേവനം ലഭ്യമാക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍. ഇതോടെ, വാട്ടര്‍ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇനി 5ജി സേവനം ലഭ്യമാകും. ഹൈക്കോടതി-വൈപ്പിന്‍, വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ ഉള്ളവര്‍ക്ക് ഈ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്. വാട്ടര്‍ മെട്രോയില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കുന്ന ആദ്യ ടെലികോം ഓപ്പറേറ്റര്‍ കൂടിയാണ് ഭാരതി എയര്‍ടെല്‍.
സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളിലേക്കും 5ജി സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. ‘അതിവേഗ ഇന്റര്‍നെറ്റ് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന അവസരത്തില്‍ സന്തോഷമുണ്ട്. ഇത് എയര്‍ടെലിനെ സംബന്ധിച്ച് വലിയ നേട്ടം കൂടിയാണ്’, എയര്‍ടെല്‍ സി.ഇ.ഒ അമിത ഗുപ്ത പറഞ്ഞു. കൊച്ചിയിലെ പത്തോളം ദ്വീപുകളെ പരസ്പരം ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന വാട്ടര്‍ മെട്രോ കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്.