കോഴിക്കോട്: ‘ഏകരാഷ്ട്രം അനേക കഥകള്‍’ കഥാസമാഹാരം 26ന് പ്രകാശനം ചെയ്യും. ഇന്ത്യയിലെ ചെറുതും വലുതുമായ 17 ഭാഷകളിലെ കഥകളുടെ സമ്പുടമാണ് ഭാഷാസമന്വയ വേദി അംഗങ്ങളുടെ വിവര്‍ത്തനത്തിലൂടെ പുസ്തക രൂപത്തില്‍ വെളിച്ചം കാണുന്നത്. ചെറിയ വ്യവഹാര മണ്ഡലമുള്ള മൈഥിലി, സിന്ധി, കൊങ്കണി, കശ്മീരി എന്നീ ഭാഷകളുടെ പ്രാതിനിധ്യം ലഭിക്കുന്നതാണ് ഈ കഥാസമാഹാരം.
വ്യത്യസ്ത പ്രദേശങ്ങളിലെ പ്രാദേശിക ഛവികള്‍ , മിത്തുകള്‍, പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ അതത് ഭാഷകളിലെ കഥകളില്‍ പ്രതിഫലിക്കുന്നത് മലയാളി വായനക്കാര്‍ക്ക് ഒറ്റ പുസ്തകത്തില്‍ വായിച്ചെടുക്കാനാകും എന്നതാണ് ഈ സമാഹാരത്തിന്റെ സവിശേഷത. സാംസ്‌കാരിക സമന്വയം വിവര്‍ത്തനത്തിലൂടെയെന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ പുസ്തകം പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ഭാഗമായാണ് പ്രസാധകര്‍ ഈ കൃതി പ്രസിദ്ധീകരിക്കുന്നതെന്ന് സ്ഥാപന മേധാവി പി.ടി.നിസാര്‍ അറിയിച്ചു.
ആശാപൂര്‍ണ ദേവി (ബംഗാളി), രാവൂരി ഭരദ്വാജ് (തെലുങ്ക്), പന്നാലാല്‍ പട്ടേല്‍ (ഗുജറാത്തി) എന്നീ ജ്ഞാനപീഠ പുരസ്‌കൃതരുടെ കഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. ആര്‍സു എഡിറ്ററും വേലായുധന്‍ പള്ളിക്കല്‍ കോ-എഡിറ്ററുമായാണ് പുസ്തകം ചിട്ടപ്പെടുത്തിയത്. 26ന് അഞ്ച് മണിക്ക് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തക പ്രകാശന കര്‍മം നടക്കും