നാദാപുരം: തൊട്ടടുത്ത പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നാദാപുരത്ത് ഡെങ്കിപ്പനി പ്രതിരോധ ത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടേയും ആരോഗ്യവകുപ്പ് ജീവനക്കാരുടേയും ആശാ സന്നദ്ധപ്രവര്‍ത്തകര്‍മാരുടെയും നേതൃത്വത്തില്‍ ‘മുന്നൊരുക്കം’ പരിപാടി സംഘടിപ്പിച്ചു എല്ലാ മാസവും 10ന് പ്രതിമാസ ആരോഗ്യപ്രവര്‍ത്തകര്‍മാരുടെ യോഗം പഞ്ചായത്തില്‍ വിളിച്ചു ചേര്‍ക്കുവാനും ഈ മസം 26 മുതല്‍ അടുത്ത മാസം പത്താം തീയതി വരെ കൊതുകുനിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളുടെയും അടുക്കള ഭാഗം ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുവാനും തീരുമാനിച്ചു.
ഇതിനു മുന്നോടിയായി 22 വാര്‍ഡുകളിലും 25ാം തീയതിക്ക് മുമ്പായി വാര്‍ഡ് സാനിറ്റേഷന്‍ യോഗം ചേരുവാനും അടച്ചിട്ട വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പഞ്ചായത്തില്‍ നല്‍കുവാനും അതിര്‍ത്തി വാര്‍ഡുകളില്‍ ദ്രുത പരിശോധന നടത്തുവാനും കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി , എലിപ്പനി വന്ന വാര്‍ഡുകളില്‍ സ്‌പെഷ്യല്‍ പരിശോധന നടത്തുവാനും ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ രാത്രികാല പരിശോധന നടത്തുവാനും തീരുമാനിച്ചു.
കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളിലും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും സഹകരിക്കാത്തവര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡ് 269 /278 പ്രകാരം നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു ,മുന്നൊരുക്കം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ് , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , മെഡിക്കല്‍ ഓഫിസര്‍ ഡോ .കെ ജമീല ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു, ജെ.എച്ച്.ഐ കുഞ്ഞിമുഹമ്മദ്.കെ, പ്രസാദ്.സി എന്നിവര്‍ സംസാരിച്ചു.