തലശ്ശേരി: പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജില്‍ യു.ജി.സി നാക് അക്രഡിറ്റേഷന്റെ ഭാഗമായി സന്ദര്‍ശനം നടത്തുന്ന യു.ജി.സി നാക് പിയര്‍ ടീം അംഗങ്ങളായ ശ്രീനഗറിലെ ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറും ജമ്മു കാശ്മീര്‍ ഹയര്‍ എഡ്യുക്കേഷന്‍ മുന്‍ ഡയറക്ടറുമായ യാസീന്‍ അഹ്‌മദ് ഷാ, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം സീനിയര്‍ പ്രൊഫ. മുഹമ്മദ് സാമി അക്തര്‍, അമരാവതി എം.വി.ഡി.എം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. സ്മിത റാവു സാഹബ് ദേശ്മുഖ് എന്നിവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ കോളേജ് മനേജര്‍ എം.പി അഹമ്മദ് ബഷീര്‍, സെക്രട്ടറി റമീസ് പാറാല്‍, പ്രിന്‍സിപ്പാള്‍ ഡോ. പി കെ അബ്ദുല്‍ ജലീല്‍ ഒതായി, ഐ.ക്യു.എ.സി കോഡിനേറ്റര്‍ പ്രൊഫ. കെ അഷ്‌റഫ് വാണിമേല്‍, പ്രൊഫ. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, പ്രൊഫ. സുല്‍ഫിയ സത്താര്‍, പ്രൊഫ. ഷഫീഖ് മമ്പറം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജൂണ്‍ 21, 22 തീയതികളിലാണ് നാക് ടീമിന്റെ സന്ദര്‍ശനം.
മുന്‍ കാശ്മീര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല 1975 ല്‍ ശിലാസ്ഥാപനം നടത്തിയ കോളേജ് 1978 മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1995 ല്‍ കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കോളേജ് ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത എയ്ഡഡ് സ്ഥാപനമാണ്. എം.എ അറബിക്, ബി.എ അഫ്‌ളലുല്‍ ഉലമാ അറബിക്, അഫ്‌ളലുല്‍ ഉലമാ പ്രിലിമിനറി എന്നീ കോഴ്‌സുകളാണുള്ളത്. ആധുനിക രീതിയിലുള്ള ക്ലാസ് റൂം, ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, കാന്റീന്‍, ആംഫി തിയേറ്റര്‍, ഷട്ടില്‍ കോര്‍ട്ട്, ഫിറ്റ്‌നസ് സെന്റര്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.