തലശ്ശേരി: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൈക്കും കാലിനും സാരമായി പരുക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് റഫാന്‍ റഹീസിന്റെ മാതാവ് എന്‍.പി.ഷാമിലയും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒ.കെ.മുഹമ്മദ് അലിയും ചേര്‍ന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥുമായി കൂടികാഴ്ച നടത്തി. കുട്ടിയുടെ മാതാവായ ഷാമിലയുടെ ആശങ്കയും ഭയവും പൂര്‍ണമായും കേട്ട കമ്മീഷന്‍ പരാതി സ്വീകരിക്കുകയും തെരുവുനായ്ക്കള്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അറിയിച്ചു.
അടുത്ത സിറ്റിംഗില്‍ പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ചമ്പാട് വെസ്റ്റ് യു.പി.സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിയായ മുഹമ്മദ് റഫാന്‍ റഹീസിനെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് സ്‌കൂള്‍ വിട്ടുവരുമ്പോള്‍ വഴിയില്‍ വച്ച് തെരുവു നായ്ക്കള്‍ ആക്രമിച്ചത്. സംസ്ഥാന വ്യാപകമായി പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന തെരുവു നായകളുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് കറുത്ത ഷര്‍ട്ട് ധരിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒ.കെ.മുഹമ്മദ് അലി, മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഹാജരായത്. മാത്രമല്ല പേപ്പട്ടി, പാമ്പ്, പന്നി, തുടങ്ങിയ വന്യമൃഗങ്ങളില്‍ നിന്ന് ആക്രമണം നേരിട്ട മനുഷ്യരെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കുവാനും ചികിത്സ ലഭ്യമാക്കുവാനും ആംബുലന്‍സ് കിട്ടാത്ത സാഹചര്യം നിലവിലുണ്ടെന്നും ഇത് പരിഹരിക്കുവാന്‍ സംസ്ഥാന പോലിസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും സേവനം ജനങ്ങള്‍ക്ക് ഉറപ്പു വരുത്തണമെന്ന നിര്‍ദേശവും തന്റെ പരാതിക്കൊപ്പം ഒ.കെ.മുഹമ്മദ് അലി സമര്‍പ്പിച്ചിട്ടുണ്ട്.