‘ഞാന്‍ മോദിയുടെ ആരാധകന്‍, അടുത്ത വര്‍ഷം താന്‍ ഇന്ത്യയിലെത്തും; ന്യൂയോര്‍ക്കില്‍ മോദി കൂടിക്കാഴ്ചയില്‍ മസ്‌ക്

‘ഞാന്‍ മോദിയുടെ ആരാധകന്‍, അടുത്ത വര്‍ഷം താന്‍ ഇന്ത്യയിലെത്തും; ന്യൂയോര്‍ക്കില്‍ മോദി കൂടിക്കാഴ്ചയില്‍ മസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ മോദിയുടെ വലിയ ആരാധകനാണെന്ന് പറഞ്ഞ മസ്‌ക്, അടുത്ത വര്‍ഷം രാജ്യം സന്ദര്‍ശിക്കുമെന്നും അറിയിച്ചു. ഇന്ത്യയുടെ ഭാവിയെ ആവേശഭരിതനായാണ് താന്‍ നോക്കിക്കാണുന്നതെന്നും സ്‌പേസ് എക്‌സ് മേധാവി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ടെസ്ല ഇന്ത്യയില്‍ എത്തും, ഈ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മസ്‌ക് പറയുന്നു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവിയക്കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ ആവേശഭരിതനാകുകയാണ്. ഇന്ത്യയിലേക്ക് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യയില്‍ കാര്യമായ നിക്ഷേപം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മസ്‌ക് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

സ്‌പേസ് എക്‌സിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്ത ഇന്ത്യയിലെ ഗ്രാമീണ ജനതയ്ക്ക് ഇത് സഹായകമാകുമെന്നും മസ്‌ക് വ്യക്തമാക്കി. 2015ല്‍ യു.എസ് സന്ദര്‍ശനത്തിനിടെ മോദി ടെസ്ലയുടെ കാലിഫോര്‍ണിയയിലെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ടെസ്ല ഫാക്ടറി തുറക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദി -മസ്‌ക് കൂടിക്കാഴ്ച. ഇന്ത്യന്‍ വിപണിയില്‍ താല്‍പ്പര്യമുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും നേരത്തെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. മോദി – മസ്‌ക് കൂടിക്കാഴ്ച ഇത് വേഗത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ നീല്‍ ഡി ഗ്രാസ് ടൈസണ്‍, പ്രൊഫസര്‍ നാസിം നിക്കോളാസ് തലേബ്, എഴുത്തുകാരന്‍ റോബര്‍ട്ട് തുര്‍മാന്‍, നിക്ഷേപകനായ റേ ഡാലിയോ എന്നിവരുമായും പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെയും ക്ഷണപ്രകാരം ജൂണ്‍ 21 മുതല്‍ 24 വരെയാണ് പ്രധാനമന്ത്രി മോദി യു.എസ് സന്ദര്‍ശിക്കുന്നത്. നൊബേല്‍ സമ്മാന ജേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, ആരോഗ്യ വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യന്‍ വ്യവസായ രംഗം ഏറെ ആകാക്ഷയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കക്ക് പുറത്തുള്ള ഇലക്ട്രിക് കാര്‍ നിര്‍മാണ കേന്ദ്രമായി ടെസ്ല ഇന്ത്യയെ തെരഞ്ഞെടുക്കുമോ എന്നതാണ് ആകാംക്ഷക്ക് കാരണം. എട്ട് വര്‍ഷം മുമ്പ് കാലിഫോര്‍ണിയയില്‍ പ്രധാനമന്ത്രി ടെസ്ല ഫാക്ടറി സന്ദര്‍ശിക്കുകയും മസ്‌കിനെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ആദ്യമായാണ് നരേന്ദ്ര മോദി മസ്‌കിനെ കാണുന്നത്. ഇന്ത്യയില്‍ ടെസ്ല പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ ആവശ്യം.

Share

Leave a Reply

Your email address will not be published. Required fields are marked *