തലശ്ശേരി: അനീതി എവിടെ കണ്ടാലും, തനിക്ക് മുന്നിലും പിന്നിലും എത്രയാളുകളുണ്ടെന്ന് നോക്കാതെ , ഭരണാധികാരികളുടെ മൂക്കിന് താഴെ തനിച്ച് പോരാട്ടം നടത്തിവന്നിരുന്ന എരഞ്ഞോളി ചുങ്കത്തെ കല്യാണി നിവാസില്‍ കെ.എം ഗോപാലന്റെ വേര്‍പാട് ഒരു നാടിനെയാകെ ദു:ഖത്തിലാഴ്ത്തി.
ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ പ്ലാക്കാര്‍ഡുമേന്തി, ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി , ലഘുലേഖയും വിതരണം ചെയ്ത് ഗോപാലേട്ടന്‍ ബോധവല്‍ക്കരണം നടത്തുക പതിവാണ്. ലഹരിക്കെതിരെയുള്ള പോരാട്ടം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന പക്ഷക്കാരനാണ് ഗോപാലന്‍. തലശ്ശേരി – കൂത്തുപറമ്പ് റോഡില്‍ പലയിടത്തും ഈ പ്രകൃതി സ്‌നേഹി മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കുടിവെള്ളം പാഴാക്കുന്നതിനെതിരേയും ബോധവല്‍ക്കരണം നടത്തുക പതിവാണ്. നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ഗോപാലന്റെ ജീവിതം തുടങ്ങുന്നത് ബീഡി തൊഴിലാളിയായാണ്. തുടര്‍ന്ന് ഗുരുവായൂരില്‍ ലോട്ടറിവില്‍പനക്കാരനായി. പരന്ന വായനയിലൂടെ പൊതു വിജ്ഞാനമാര്‍ജ്ജിച്ച അദ്ദേഹം, എരഞ്ഞോളിയുടെ ചരിത്ര ഗ്രന്ഥമടക്കം രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിത്യേന രണ്ടും മൂന്നും പുസ്തകങ്ങള്‍ വായിക്കുന്ന ഗോപാലേട്ടന്‍ വായനാ വാരക്കാലത്ത് വര്‍ഷംതോറും സ്വന്തം വീട്ടിലും, തൊട്ടടുത്ത ലൈബ്രറിയിലും സെമിനാര്‍ നടത്തുക പതിവാണ്. തനിക്ക് കിട്ടുന്ന ക്ഷേമ പെന്‍ഷനടക്കം നിര്‍ദ്ധനരായവര്‍ക്ക് നല്‍കുന്ന ഈ മനുഷ്യ സ്‌നേഹി , വിശേഷ നാളുകളില്‍ താന്‍ സ്വരൂപിച്ചുവെച്ച പണം കൊണ്ട് പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വര്‍ഷംതോറും നല്‍കി വരാറുണ്ട്. സ്‌കൂള്‍ തുറക്കുന്ന വേളയില്‍ എല്ലാ വര്‍ഷങ്ങളിലും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്യുക പതിവാണ്. തെറ്റ് ആര് ചെയ്താലും മുഖം നോക്കാതെ പ്രതികരിക്കുകയെന്ന രീതി ഈ പഴയ കമ്യൂണിസ്റ്റിന്റെ സഹജ സ്വഭാവമാണ്.