രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ചൂടില്‍ വീര്‍പ്പുമുട്ടുന്നു. കഠിനമായ ഉഷ്ണതരംഗത്തില്‍ ബിഹാറിലും ഉത്തര്‍പ്രദേശിലും ഇതുവരെ 100ലധികം പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ഏക സര്‍ക്കാര്‍ ആശുപത്രി നിറഞ്ഞുകവിഞ്ഞു. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തതും രോഗികളെ വലയ്ക്കുകയാണ്. അതേസമയം മരിച്ചവരെല്ലാം പ്രായമായവരാണെന്നും അവരില്‍ ഭൂരിഭാഗത്തിനും മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊടുംചൂടില്‍ വൈദ്യുതി മുടങ്ങിയതും കൂളറുകളോ എസിയോ ഫാനോ ഒരുക്കാത്തതും ആശുപത്രികളിലെ സ്ഥിതി ഗുരുതരമാക്കി. സ്റ്റോര്‍ റൂമില്‍ ഉപയോഗിക്കാതെ കിടന്നിരുന്ന എസികള്‍ സ്ഥാപിക്കാത്തതിന് ചൊവ്വാഴ്ച ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ ആശുപത്രിയിലെ സ്റ്റോര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അത്യാഹിത വിഭാഗങ്ങളിലെ പരിശോധനയ്ക്കിടെ, കരാറുകാരനോട് ആശുപത്രിയുടെ ശുചിത്വം ഉറപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മിക്ക മരണങ്ങളും ഉഷ്ണതരംഗ മൂലമാണെന്ന് പ്രസ്താവന വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18ന്, ബല്ലിയയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജയന്ത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഉഷ്ണതരംഗം മൂലമുള്ള മരണങ്ങളെക്കുറിച്ച് അശ്രദ്ധമായി പ്രസ്താവന നടത്തിയതിനാണ് അദ്ദേഹത്തെ നീക്കം ചെയ്തതെന്ന് യു.പി ആരോഗ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. വാരണാസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹി, ഘോരക്പുര്‍ എയിംസ് തുടങ്ങിയ ആശുപത്രികളില്‍ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉള്ളവരും പ്രായമായവരുമാണ് മരിച്ചവരില്‍ അധികവും. കഠിനമായ ചൂട് കാരണം അവരുടെ അവസ്ഥ വഷളാവുകയായിരുന്നുവെന്ന് ജയന്ത് കുമാര്‍ പറഞ്ഞു.