ആഹാ..!

ആഹാ..!

ആഷസ് ആദ്യ ടെസ്റ്റില്‍ ആസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് രണ്ട് വിക്കറ്റുകള്‍ ശേഷിക്കേ

എഡ്ജ്ബാസ്റ്റണ്‍: അവേശം വാനോളമുയര്‍ത്തിയ ആഷസ് പരപമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ആസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നെഞ്ചുവിരിച്ച് നിന്നപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ഗെയിം നിഷ്പ്രഭമായി. ജയ-പരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിന്റെ അവസാന ദിനത്തിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് ആസ്‌ട്രേലിയ ജയിച്ചു കയറിയത്. രണ്ടാം ഇന്നിങ്‌സില്‍ 282 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് കഴിഞ്ഞ ദിവസം മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജയിലായിരുന്നു ഓസീസിന്റെ മുഴുവന്‍ പ്രതീക്ഷ. അഞ്ചാം ദിനം തുടങ്ങിയപ്പോള്‍ തന്നെ 20 റണ്‍സെടുത്ത ബോളാണ്ട് പുറത്തായി. തുടര്‍ന്നു വന്ന ട്രാവിസിനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 16 റണ്‍സെടുത്ത ഹെഡിനെ മൊയീന്‍ അലി മടക്കി. തുടര്‍ന്ന് ക്രീസിലൊന്നിച്ച കാമറൂണ്‍ ഗ്രീന്‍-ഖവാജ സഖ്യം ഓസീസിനെ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഒലി റോബിന്‍സണ്‍ ആ കൂട്ടുക്കെട്ട് പൊളിച്ചു. സ്‌കോര്‍ബോര്‍ഡ് 195ല്‍ നില്‍ക്കെ 28 റണ്‍സെടുത്ത കാമറൂണ്‍ഗ്രീന്‍ പുറത്തായി. സ്‌കോര്‍ബോര്‍ഡ് 209ല്‍ നില്‍ക്കെ 65 റണ്‍സെടുത്ത ഖവാജയെ ക്യാപ്റ്റന്‍ ബെന്‍സ്റ്റോക് ക്ലീന് ബൗള്‍ഡാക്കി ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നല്‍കി. സ്‌കോര്‍ 227ല്‍ നില്‍ക്കെ 20 റണ്‍സെടുത്ത അലക്‌സ് ക്യാരിയും മടങ്ങിയതോടു കൂടി ഓസീസ് തോറ്റെന്ന് എല്ലാവരും ഉറപ്പിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തയ്യാറായിരുന്നില്ല.

പിന്നീട് എഡ്ജ്ബാസ്റ്റണ്‍ സാക്ഷ്യം വഹിച്ചത് വാലറ്റത്തിന്റെ പോരാട്ടത്തിനായിരുന്നു. നഥാന്‍ ലിയോണിനെ കൂട്ടുപ്പിടിച്ച് ഒരു കപ്പിത്താന്റെ ഉശിരോടെ പാറ്റ് കമ്മിന്‍സ് ആസ്‌ട്രേലിയയെ വിജയത്തീരത്തെത്തിച്ചു. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 55 റണ്‍സാണ്. കമ്മിന്‍സ് 44ഉം ലിയോണ്‍ 16 റണ്‍സും നേടി പുറത്താകാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റിലെ വിജയകരമായ റണ്‍ചേസുകളില്‍ 9,10,11 പൊസിഷനുകളില്‍ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് കമ്മിന്‍സ് നേടിയ 44 റണ്‍സ്. വിജയകരമായ റണ്‍ചേസുകളില്‍ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് കമ്മിന്‍സും ലിയോണും ചേര്‍ന്നു നേടിയ 55 റണ്‍സ്. 2010ല്‍ മൊഹാലിയില്‍ ആസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ വി.വി.എസ് ലക്ഷ്ണണും ഇഷാന്ത് ശര്‍മയും ചേര്‍ന്നു നേടിയ 81 റണ്‍സാണ് ഒന്നാമത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *