അന്തര്‍വാഹിനിക്കായി കൂടുതല്‍ വിദഗ്ധര്‍ രംഗത്ത്; അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രം

അന്തര്‍വാഹിനിക്കായി കൂടുതല്‍ വിദഗ്ധര്‍ രംഗത്ത്; അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രം

ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികളുമായി പോയ അന്തര്‍വാഹിനിയുടെ തിരച്ചിലിനായി കൂടുതല്‍ ഗവേഷണ വിദഗ്ധര്‍ രംഗത്ത്. കടലിന്റെ എത്ര ആഴത്തിലും തിരച്ചില്‍ നടത്താന്‍ കഴിവുള്ള ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധസംഘത്തെ എത്തിച്ചയായി ഓഷ്യന്‍ഗേറ്റ് കമ്പനി അറിയിച്ചു. യു.എസ് കോസ്റ്റ് ഗാര്‍ഡാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കാനഡ, ഫ്രാന്‍സ് തിരച്ചില്‍ സംഘങ്ങളും സഹായവുമായി കൂടെയുണ്ട്. ഇന്നലെ വൈകിട്ടോടെ ഡീപ് എനര്‍ജി എന്ന മറ്റൊരു കപ്പല്‍ക്കൂടി അറ്റ്‌ലാന്റിക്കില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്.

അന്തര്‍വാഹിനിയില്‍ അവശേഷിക്കുന്നത് 30 മണിക്കൂറില്‍ താഴെയുള്ള ഓക്‌സിജന്‍ മാത്രമണ്. അതിനാല്‍ എത്രയും പെട്ടെന്ന് അന്തര്‍വാഹിനി കണ്ടെത്താനുള്ള നീക്കത്തിലാണ് തിരച്ചില്‍സംഘം. ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തി. ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ അഞ്ച് സഞ്ചാരികളുമായി പോയ അന്തര്‍വാഹിനിയാണ് കാണാതായത്. പാകിസ്താന്‍ വ്യവസായിയും മകനും, ബ്രിട്ടീഷ് വ്യവസായിയും അന്തര്‍ വാഹിനി കമ്പനിയുടെ സി.ഇ.ഒയും ഫ്രഞ്ച് യാത്രികനുമാണ് സംഘത്തിലുള്ളത്. കപ്പല്‍ വെള്ളത്തില്‍ മുങ്ങി ഏകദേശം ഒരു മണിക്കൂര്‍ 45 മിനിറ്റിന് ശേഷം അന്തര്‍വാഹിനിയുമായുള്ള സഹ കപ്പല്‍ ഐസ്ബ്രക്കറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കാനഡയില്‍ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അന്തര്‍വാഹിനി കാണാതായ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ബി.ബി.സിയാണ്. യാത്രയുടെ സംഘാടകര്‍ യുഎസ് കമ്പനിയായ ഓഷന്‍ഗേറ്റ് എക്‌സ്പഡീഷന്‍സാണ്. വളരെ സാഹസികമായ, സമുദ്രാന്തര്‍ഭാഗമടക്കം സന്ദര്‍ശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സാധാരണയായി ഓഷന്‍ഗേറ്റ് സംഘടിപ്പിക്കാറുണ്ട്. അതിനിടെ അന്തര്‍വാഹിനിക്ക് നേരത്തെ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്ത് വന്നു. 2018ല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യന്‍ഗേറ്റിന് യു.എസ് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. ഓഷ്യന്‍ഗേറ്റില്‍ ജോലി ചെയ്തിരുന്ന അന്തര്‍വാഹിനി വിദഗ്ധന്‍ ഡേവിഡ് ലോഡ്രിജാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. അന്തര്‍വാഹിനി സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. അന്തര്‍വാഹിനിയില്‍ കര്‍ശനമായ പരിശോധനയില്ലാത്തത് കാര്‍ബണ്‍ഹാളിലെ പിഴവ് കണ്ടെത്താതെ പോകുമെന്ന ആശങ്ക ലോഡ്രിജ് നേരത്തെ അറിയിച്ചിരുന്നു. അന്തര്‍വാഹിനിയുടെ വെസലുകള്‍ പുറത്തുനിന്നൊരു ഏജന്‍സി പരിശോധിക്കേണ്ട ആവശ്യകതയും കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കടലില്‍ 1,300 അടി ആഴത്തില്‍ മാത്രമേ സഞ്ചരിക്കാകൂവെന്നാണ് കോടതിരേഖകള്‍ പ്രകാരം അന്തര്‍വാഹിനി നിര്‍മ്മാതാക്കള്‍ സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 3,800 മീറ്റര്‍ (12,500 അടി) താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. അന്തര്‍വാഹിനി കണ്ടെത്താനുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ട് പോവുകയാണ്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കാണാതായ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *