ഇന്‍ഫോസിസ് സഹസ്ഥാപകനായ ചെയര്‍മാനുമായ നന്ദന്‍ നിലേകനി ബോംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയ്ക്ക് 315 കോടി രൂപ സംഭാവനയായി നല്‍കി
സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ മികച്ച പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനമായ ബോംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് നന്ദന്‍ നിലേകനി. ബോംബൈ ഐ.ഐ.ടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എന്‍ജിനീയറിങ്ങിലെ വിവിധ മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴിയൊരുക്കുന്നതിനുമാണ് 315 കോടി സംഭാവനയായി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോത്സാഹിപ്പിക്കുന്നതിനും എന്‍ജിനീയറിങ്, ടെക്നോളജി എന്നീ മേഖലകളിലെ ഗവേഷണത്തെ ഉത്തേജിപ്പിക്കുന്നതിനും ഐഐടി ബോംബെയില്‍ ടെക് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം പരിപോഷിപ്പിക്കുന്നതിനുമാണ് ഈ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.ഇതുവരെയുള്ള തന്റെ യാത്രയില്‍ ബോംബൈ ഐ.ഐ.ടി. വഹിച്ച പങ്ക് വലുതാണെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബോംബൈ ഐ.ഐ.ടിയിലെ പൂര്‍വവിദ്യാര്‍ഥിയായ നിലേകനി ഐഐടിക്ക് നേരത്തെ 85 കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഇതോടെ നിലേകനി സ്ഥാപനത്തിനു നല്‍കിയ ആകെ സംഭാവന 400 കോടിയാകും. ഐ.ഐ.ടി. ഡയറക്ടര്‍ ശുഭാഷിഷ് ചൗധരിയുമായി നിലേകനി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ബോംബൈ ഐ.ഐ.ടിയുമായി 50 വര്‍ഷത്തെ ബന്ധമുണ്ടെന്നും ആ ബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സംഭാവനയെന്നും നിലേകനി പറഞ്ഞു. 1973-ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദത്തിന് നിലേകനി ഐ.ഐ.ടിയില്‍ പ്രവേശനം നേടുന്നത്.