ന്യൂഡൽഹി: അർജന്റൈൻ ഫുട്ബോൾ ടീമിന് ഏറെ ആരാധകരുള്ള ഇടമാണ് ഇന്ത്യ. ഒരു ഇന്ത്യ-അർജന്റീന ഫുട്ബോൾ മത്സരം കാണാൻ ഒരു പക്ഷെ ഇന്ത്യൻ ആരാധകർക്ക് അവസരമൊരുങ്ങിയേനെ. എന്നാൽ അത്രയേറെ വലുതല്ലാത്ത ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ആ അവസരം യാഥാർത്ഥ്യമാക്കാനായില്ല.
സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിക്കേണ്ടി വന്നതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെസ്സി ഉൾപ്പെടുന്ന ലോകകപ്പ് ജേതാക്കളായ അർജന്റൈൻ ടീം ഇന്ത്യയുമായി സൗഹൃദ മത്സരത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് അർജന്റീനയ്ക്ക് ലഭിച്ചിരുന്നത്. ഇക്കാരണത്താൽ സൗഹൃദ മത്സരങ്ങൾ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായാവാമെന്ന് അർജന്റീന തീരുമാനിച്ചു. ഇതിനായി ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയാണ് തിരഞ്ഞെടുത്തത്.
എന്നാൽ സൗഹൃദ മത്സരത്തിന് വേണ്ടി വരുന്ന വൻതുക മുടക്കാൻ സാധിക്കില്ല എന്നതിനാൽ ഈ ക്ഷണം എഐഎഫ്എഫ് നിരസിക്കുകയായിരുന്നു. 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ് സൗഹൃദ മത്സരം കളിക്കാൻ അർജന്റീന ആവശ്യപ്പെട്ടത്. ഈ വൻതുക ചിലവാക്കാൻ സാധിക്കാത്തതിനാൽ ആ മത്സരം സാധ്യമാക്കാൻ എഐഎഫ്എഫിന് സാധിച്ചില്ല.
അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഒരു സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ ഇത്രയും വലിയ തുക കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. അത്തരമൊരു മത്സരം ഇവിടെ സംഘടിപ്പിക്കണമെങ്കിൽ ഞങ്ങൾക്ക് ശക്തമായ ഒരു പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. കളിക്കുന്നതിനായി അർജന്റീന ആവശ്യപ്പെട്ട തുക വളരെ വലുതാണ്. ഫുട്‌ബോളിലെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിൽ ഞങ്ങൾക്ക് പരിമിതികളുണ്ട്.” – ഷാജി പ്രഭാകരൻ പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും പിന്മാറിയതോടെ അർജന്റീന ജൂൺ 15-ന് ബെയ്ജിങ്ങിൽ ഓസ്‌ട്രേലിയക്കെതിരേയും ജൂൺ 19-ന് ജക്കാർത്തയിൽ ഇൻഡൊനീഷ്യയ്‌ക്കെതിരേയും സൗഹൃദ മത്സരം കളിച്ചു.