ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുടനീളം ഉപയോക്താക്കളെ കബളിപ്പിക്കാൻ വിവിധ തന്ത്രങ്ങൾ ഉപയോഗിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരെ നേരിടാൻ ടിൻഡർ ഒരുങ്ങുന്നു. പ്ലാറ്റ്‌ഫോമിലെ സ്പാം മുൻകൂട്ടി കണ്ടെത്തുകയും തടയുകയും നീക്കം ചെയ്യുകയും ചെയ്യുന്നതിന് മെഷീൻ ലേണിംഗ് ടൂളുകളിൽ നിക്ഷേപം നടത്തുകയാണെന്ന് കമ്പനി അറിയിച്ചു.
ഇരകളെ ഫിഷിംഗ് തട്ടിപ്പുകളിലേക്കും വ്യാജ പ്രൊഫൈലുകളിലേക്കും ആകർഷിക്കാൻ സൈബർ കുറ്റവാളികൾ പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ ഡേറ്റിംഗ് സേവനങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് ടിൻഡറിന്റെ ഉടമസ്ഥരായ മാച്ച് ഗ്രൂപ്പ് പറയുന്നു. തങ്ങളുടെ സേവനങ്ങളുടെ സമഗ്രത നിലനിർത്താൻ സഹായിക്കുന്നതിന് ഡിറ്റക്ഷൻ, റിമൂവൽ ടൂളുകളിൽ നിരന്തരം നിക്ഷേപം നടത്തുന്നുണ്ടെന്ന് കമ്പനി പറയുന്നു.
ഇതുവഴി ഓരോ മിനിറ്റിലും ശരാശരി 44 സ്പാം അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുന്നുണ്ട് എന്ന് ടിൻഡർ പറയുന്നു. കൂടാതെ, ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിൽ ഏകദേശം 5 ദശലക്ഷം ബോട്ടുകളും സ്പാം അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം ടിൻഡർ അതിന്റെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ പരിഷ്കരിച്ചിരുന്നു. ഇതനുസരിച്ച് ഉപയോക്താക്കളുടെ പബ്ലിക്ക് ബയോയിൽ നിന്ന് ഫോളോവർമാരി കിട്ടാനും, സാധനങ്ങൾ വിൽക്കാനും പ്രചാരണങ്ങൾ നടത്താനുമെല്ലാം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ ഹാന്റിലുകൾ നീക്കം ചെയ്യും.
ടിൻഡർ നടപ്പിലാക്കിയ ടൂളുകളും സവിശേഷതകളും മറ്റ് മാച്ച് ഗ്രൂപ്പ് ബ്രാൻഡുകളായ ഹിഞ്ച്, ആർച്ചർ, പ്ലെന്റി ഓഫ് ഫിഷ് എന്നിവയും സ്വീകരിച്ചിട്ടുണ്ട്. മറ്റ് ബ്രാൻഡുകളും ഇത് അനുകരിക്കും.