മാഹി: പള്ളൂര്‍ ജോളി ബാറില്‍ മദ്യവും കമ്പ്യൂട്ടര്‍ സി.പി.യുവും മോഷണം പോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലെ വളയം സ്വദേശികളാണ് അറസ്റ്റിലായത്. ബാര്‍ മാനേജര്‍ മാഹി പോലിസില്‍ പരാതി നല്‍കിയിരുന്നു. വളയം ജാതിയേരിയിലെ അടുക പൈങ്ങാട്ടില്‍ എ.പി അബ്ദുള്‍ ഷെറീഫ് എന്ന ഷെറീഫ് (45), വളയം ചെക്കോട്ട റോഡിലെ എടിയേരിക്കണ്ടിയില്‍ പി.വി അമീര്‍ എന്ന മൊട്ട അമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എം മനോജ്, പള്ളൂര്‍ എസ്.ഐ കെ.സി അജയകുമാര്‍ എന്നിവരാണ് തിങ്കളാഴ്ച്ച പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പള്ളൂര്‍ പോലിസ് പറഞ്ഞു.
കഴിഞ്ഞ ഒന്‍പതിന് രാത്രിയാണ് ബാറില്‍ മോഷണം നടന്നത്. 21,000 രൂപയുടെ മുന്തിയ ഇനം മദ്യ കെയ്‌സുകളും, കമ്പ്യൂട്ടറിന്റെ സി.പി.യുമാണ് മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ സ്വിഫ്റ്റ് കാറില്‍ മൂന്നംഗ സംഘം എത്തി മോഷണം നടത്തുന്നത് പോലിസിന് സൂചന ലഭിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എ.എസ്.ഐമാരായ എം.സുനില്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സി.ബി ശ്രീജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.