കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മുന്‍ വികാരി ജനറല്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ അള്‍ത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധര്‍ക്കുള്ള കാര്യാലയത്തില്‍ നിന്നും അനുമതി ലഭിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചാപ്ലിന്‍ ആയി വര്‍ഷങ്ങളോളം മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു.
അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയരക്ടര്‍ എന്ന നിലയില്‍ വിശ്വാസ പരിശീലനത്തിന് ഊടും പാവുമേകി. ദൈവകൃപ നിറഞ്ഞ ആത്മീയ പിതാവ് , സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളില്‍ പ്രശസ്തനാണ് മോന്‍സിഞ്ഞോര്‍. ജൂലൈ 19ന് വരാപ്പുഴ മെത്രാസന മന്ദിരത്തില്‍ നിന്നും ഛായാചിത്ര പ്രയാണം മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ദേവാലയത്തിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പുഷ്പാര്‍ച്ചനയര്‍പ്പിക്കും. തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുമെന്ന് സംഘാടകസമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫാ. പോള്‍സണ്‍ കൊറ്റിയാത്ത് അറിയിച്ചു.