യുകെ സർക്കാർ നടത്തുന്ന നാഷണൽ ലോട്ടറി ഒരു വിജയിയെ തേടുകയാണ്. 30 വർഷത്തേക്ക് ഓരോ മാസവും 10000 പൗണ്ട് മൂല്യമുള്ള സെറ്റ് ഫോർ ലൈഫ് ലോട്ടറി സ്വന്തമാക്കിയ ഭാഗ്യവാനെയാണ് തേടുന്നത്. ആകെ 36 ലക്ഷം പൗണ്ട് ആണ് ഈ വിജയിക്ക് 30 വർഷക്കാലം കൊണ്ട് കിട്ടുക.
ലോട്ടറിയുടെ ഭാഗമായ എല്ലാവരോടും തങ്ങളുടെ ടിക്കറ്റുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ എന്ന് ദി മെട്രോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലിങ്കൺഷെയറിലെ സൗത്ത് ഹോളണ്ട് ജില്ലയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. വിജയിക്ക് ഡിസംബർ 2 വരെ അവരുടെ സമ്മാനം ക്ലെയിം ചെയ്യാം.
ടിക്കറ്റ് കൈവശം ഇല്ലെങ്കിലും, തങ്ങൾ വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത് എന്നുറപ്പുണ്ടെങ്കിൽ അക്കാര്യം രേഖാമൂലം കാം ലോട്ടിന് നൽകാം. പക്ഷേ അത് നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ആയിരിക്കണം.
“ഈ അജ്ഞാതനായ ടിക്കറ്റ് ഉടമയെ കണ്ടെത്താനും അവരെ ഈ നേട്ടം അറിയിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആരുടേയെങ്കിലും ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ ഈ നേട്ടത്തിലൂടെ സാധിക്കും. ദി നാഷണൽ ലോട്ടറിയിലെ സീനിയർ വിന്നേഴ്‌സ് അഡ്വൈസർ ആൻഡി കാർട്ടർ ദി മെട്രോയോട് പറഞ്ഞു.
30 വർഷക്കാലം ഓരോ മാസവും അതായത് 360 മാസക്കാലം 10000 പൗണ്ട് (10.4 ലക്ഷത്തിലേറെ രൂപയോളം) വീതം വിജയിക്ക് ലഭിക്കും.
ഭാഗ്യശാലിയാണോ എന്നറിയാൻ കയ്യിലുള്ള ടിക്കറ്റുകൾ പരിശോധിക്കാനും കാണാത്തവയ്ക്കായി വസ്ത്രങ്ങളുടെ പോക്കറ്റുകളിലും, വാലറ്റുകളിലും, ബാഗുകളിലും, സോഫയുടെ പിൻഭാഗത്തും പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.