ജിദ്ദ: 2022-2023 അധ്യയന വര്‍ഷത്തില്‍ ആറ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ ആനുവല്‍ അവാര്‍ഡ് ഡേ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച് നടത്തി. കോണ്‍സലും ( ലേബര്‍ ആന്റ് പി.ഐ.സി ) സ്‌കൂള്‍ ഒബ്‌സര്‍വറുമായ മുഹമ്മദ് ഹാഷിം, അദീബ ഷോയിബ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
സിയാവുല്‍ ഹസന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിശിഷ്ടാതിഥി റുക്സാന പര്‍വീണ്‍, വിദ്യാര്‍ഥികളുടെ മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായി. പ്രിന്‍സിപ്പാള്‍ ഡോ. മുസാഫര്‍ ഹസന്‍ സ്വാഗതം പറഞ്ഞു. 2022-2023ലെ സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ വിശദമായ വീഡിയോ അവതരണത്തിന് ശേഷം സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍ മുഖ്യപ്രഭാഷണം നടത്തി.
2022-2023 അധ്യയന വര്‍ഷത്തില്‍ ആറ് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ എല്ലാ മികച്ച വിദ്യാര്‍ഥികളെയും സ്‌കൂള്‍ ആദരിച്ചു. സ്‌കൂള്‍ ടോപ്പര്‍ ഗണേഷ് മാധവ് രാജേഷ് (97 ശതമാനം) എ.ഐ.എസ്.എസ്.സി പരീക്ഷയില്‍ (12) ഓവറോള്‍ ഒന്നാം സ്ഥാനവും ലിസബത്ത് മറിയം സോണി രണ്ടാം സ്ഥാനവും (95.6. ശതമാനം), സൈന ലത്തീഫ് മൂന്നാം സ്ഥാനവും (95.4 ശതമാനം) നേടി.
എ.ഐ.എസ്.എസ് (എക്‌സ്) പരീക്ഷയില്‍ വിശാല്‍ രാമപുരത്ത്, മുഹമ്മദ് അര്‍ഹം എന്നിവര്‍ ഒന്നാം സ്ഥാനവും (97.8 ശതമാനം വീതം), അനീഷ് മഹേഷ് ദിയോധര്‍ (97.6 ശതമാനം) രണ്ടാം സ്ഥാനവും സമാന്‍ എറച്ചമ്പാട്ട് (97.4 ശതമാനം) മൂന്നാം സ്ഥാനവും നേടി. സ്ട്രീം അധിഷ്ഠിത പ്ലസ്ടു ക്ലാസ് ടോപ്പര്‍മാരെയും ആദരിച്ചു.
2022-2023 വര്‍ഷത്തില്‍ സ്‌കോളാസ്റ്റിക്, കോ-സ്‌കോളാസ്റ്റിക് ഡൊമെയ്നുകളില്‍ മികച്ച റെക്കോര്‍ഡ് നേടിയതിന് സ്‌കൂള്‍ എല്ലാ വിജയികളെയും ആദരിച്ചു. അതുപോലെ, അതത് വിഷയങ്ങളില്‍ 100% വിജയം നേടികൊടുത്ത പ്ലസ്ടു, 10 വിഭാഗങ്ങളിലെ അധ്യാപകരേയും ഐ.ഐ.എസ്.ജെയില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള 23 അധ്യാപകരേയും ആദരിച്ചു. എച്ച്.എം സാദിഖ താരണ്ണം നന്ദി പറഞ്ഞു.