കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരുക്ക്

കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൈരളി സ്റ്റീല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറി നടന്നത്. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളായ സുനില്‍ ഷെട്ടി, നിഷാന്ത് ഷെട്ടി, പ്രദീപ് കുമാര്‍, ഹരി മിശ്ര എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരവിന്ദിന്റെ മൃതദേഹം ഫര്‍ണസിനകത്തുനിന്ന് പുറത്തെടുത്തത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്.

ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കമ്പനിയില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ എന്ന് തെരച്ചില്‍ നടത്തുകയാണ്. പരുക്കേറ്റ നാലു പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ 5.30ക്കാണ് അപകടം നടന്നത്. അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാട് പറ്റി. അപകടത്തില്‍ മരിച്ച അരവിന്ദ് 2 മാസം മുമ്പാണ് ജോലിക്ക് എത്തിയത്. സ്‌ക്രാപ് വേര്‍തിരിക്കാതെ ഫര്‍ണസില്‍ ഇട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *