ന്യൂഡല്‍ഹി: ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ബാലസോറിലെ സോറോ വിഭാഗം സിഗ്നല്‍ ജൂനിയര്‍ എഞ്ചിനിയറുടെ വീട് സീല്‍ ചെയ്തു. സിഗ്നല്‍ ജൂനിയര്‍ എഞ്ചിനിയര്‍ അമീര്‍ ഖാന്റെ സോറോയിലെ വാടക വീടാണ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തത്. കഴിഞ്ഞ ദിവസം സി.ബി.ഐ സംഘം അമീര്‍ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം വീട് സീല്‍ ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അജ്ഞാത കേന്ദ്രത്തില്‍ വച്ച് നേരത്തെ എഞ്ചിനീയറെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ ആറിനാണ് ട്രെയിന്‍ അപകടത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. കേസില്‍ സി.ബി.ഐ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപകടത്തിന് ശേഷം ഇലക്ട്രോണിക് ഇന്റര്‍ലോക്ക് സംവിധാനത്തില്‍ കൃത്രിമം നടന്നതായി ആരോപണം ഉയര്‍ന്നതോടെയാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം. ജൂണ്‍ 16ന് ബാലസോര്‍ സന്ദര്‍ശനത്തിന് ശേഷം, തിങ്കളാഴ്ച തിരിച്ചെത്തിയ സി.ബി.ഐ സംഘം എഞ്ചിനിയറുടെ വീട് സീല്‍ ചെയ്യുകയായിരുന്നു. സി.ബി.ഐ അന്വേഷണം ആരംഭിച്ചയുടന്‍, ലോഗ് ബുക്കും, റിലേ പാനലും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത് സ്റ്റേഷനും സീല്‍ ചെയ്തിരുന്നു. റിലേ ഇന്റര്‍ലോക്ക് പാനലും സീല്‍ ചെയ്തു. സിഗ്നലിങ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസഞ്ചറോ ഗുഡ്‌സ് ട്രെയിനുകളോ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ നിര്‍ത്തില്ല.
ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി. ഈ മാസം ആദ്യം ഉണ്ടായ അപകടത്തില്‍ 287 പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മറ്റ് അഞ്ച് പേര്‍ വിവിധ ആശുപത്രികളില്‍ വച്ചും മരിച്ചു. 1,208 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.