കോഴിക്കോട്: കേരള വനംവകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഈ സാമ്പത്തിക വര്‍ഷം (2023-24) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതിപഠന കേന്ദ്രങ്ങളില്‍ വച്ച് സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിനുള്ള അപേക്ഷ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ക്ഷണിച്ചു. വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ പരമാവധി 40പേര്‍ അടങ്ങുന്ന പഠന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുന്നത്. പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവുകള്‍ സ്വന്തവും വഹിക്കേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ നല്‍കുന്നതാണ്. വിദ്യാര്‍ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
ഏകദിന ക്യാമ്പ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍, ഫോറസ്ട്രി ക്ലബ്, ഇക്കോ ക്ലബ്, നേച്വര്‍ ക്ലബ്, ഇ.സി.സി, എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, ഭൂമിത്ര സേന, സ്‌കൗട്ട്‌സ് ആന്റ്‌റ് ഗൈഡ്‌സ്, ഊര്‍ജ്ജ ക്ലബ്, ആരോഗ്യ ക്ലബ് മുതലായ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്‌സറ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട്-673028 എന്ന മേല്‍വിലാസത്തില്‍ ജൂലൈ 15നകം ലഭിച്ചിരിക്കേണ്ടതാണ്. ഇതിനായി തയ്യാറാക്കിയ പ്രത്യേകം അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും നിബന്ധനകള്‍ക്കുമായി 8547603871 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.