- ചാലക്കര പുരുഷു
ന്യൂമാഹി: കട്ടന്‍ ചായയും പരിപ്പ് വടയും കഴിക്കാം. ചൂടന്‍വാര്‍ത്തകള്‍ വായിക്കാം.. കത്തിയാളുന്ന നാട്ടുവര്‍ത്തമാനങ്ങളില്‍ അഭിരമിക്കാം. രാഷ്ട്രീയത്തിനും മതങ്ങള്‍ക്കുമപ്പുറം, സൗഹൃദം ഊട്ടിയുറപ്പിക്കാം. അര നൂറ്റാണ്ടിന്റെ പതിവ് തെറ്റിക്കാതെ, നാട്ടുവായനയുടെ പ്രഭവ കേന്ദ്രമായി നിലനില്‍ക്കുകയാണ് മാഹി – തലശ്ശേരി ദേശീയ പാതക്കരികിലെ കുറിച്ചിയില്‍ ബസാറിലെ എ.വി ചന്ദ്രദാസിന്റെ വായനശാല ഹോട്ടല്‍.
കുറിച്ചിയില്‍ ബസാറില്‍ ഒരു വായനശാല ഇല്ലാത്തതിന്റെ ക്ഷീണം തെല്ലുമില്ല ഇവിടെ ആര്‍ക്കും. തന്റെ ഹോട്ടലിന് മുന്നില്‍ വായനാ കോര്‍ണര്‍ ഒരുക്കിയാണ് ചന്ദ്രദാസ് ഇത് പരിഹരിച്ചത്. മലയാളത്തിലെ പ്രമുഖപത്രങ്ങളും ആനുകാലികങ്ങളുമെല്ലാം ദശകങ്ങളായി വായനാ കോര്‍ണറിലുണ്ട്. കാലത്ത് മുതല്‍ രാത്രി വരെ വായന മാത്രമല്ല, നാട്ടുവര്‍ത്തമാനങ്ങളും രാഷ്ട്രീയ ചര്‍ച്ചകളുമെല്ലാം ഇവിടെ മുടങ്ങാതെയുണ്ടാകും.
അന്തിയാകും വരെ ജോലി ചെയ്ത് വരുന്ന പിതാവ് ഗോവിന്ദന്‍ മേസ്തിരി, കുളിയും കഴിഞ്ഞ് രാത്രി വൈകും വരെ പത്രവായനയില്‍ മുഴുകിയിരിക്കുന്നത് കണ്ടു കൊണ്ടാണ് ചന്ദ്രദാസന്‍ വളര്‍ന്നത്. ശ്രീനാരായണ സ്‌കൂളിലെ പഠനകാലത്ത് അദ്ധ്യാപകന്‍ അസംബ്ലിയില്‍ മുറതെറ്റാതെ ഉച്ചത്തില്‍ പത്രം വായിച്ചുകേള്‍പ്പിക്കുമായിരുന്നു. വീടിനടുത്ത ദിനേശ് ബീഡിക്കമ്പനിയിലെ ഉച്ചത്തിലുള്ള നിലയ്ക്കാത്ത പത്ര-മാസികാ പാരായണവും ചന്ദ്രദാസിന്റെ കാതുകളില്‍ പതിച്ചു കൊണ്ടേയിരുന്നു. നാട്ടിലെ മികച്ച വായനക്കാരനായി മാറിയ ചന്ദ്രദാസിനെ വായനയുടെ അനന്തമായ ലോകത്തേക്കെത്തിച്ച ഘടകങ്ങള്‍ ഇതൊക്കെയാണ്.
കോണ്‍ഗ്രസ്സുകാരനായ അച്ഛനില്‍നിന്നും ചന്ദ്രദാസന്‍ കമ്മ്യൂണിസ്റ്റായി മാറിയതും വായനയിലൂടെ തന്നെ. ജനസേവനമെന്ന വാക്കിന് സ്വന്തം കര്‍മ്മം കൊണ്ട് അര്‍ത്ഥവ്യാപ്തിയേകിയ ഈ മനുഷ്യന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയാണ് എ.വി.ചന്ദ്രദാസന്‍ എന്ന നാട്ടുകാരുടേയെല്ലാം പ്രിയപ്പെട്ട ദാസേട്ടന്‍. പത്ത് വര്‍ഷക്കാലം ജനപ്രതിനിധിയായിരുന്നു. ശ്രീനാരായണ ദര്‍ശനങ്ങള്‍ നെഞ്ചേറ്റിയ ഈ മനുഷ്യ സ്‌നേഹി, എസ്.എന്‍ ട്രസ്റ്റ് അംഗവും, ഈയ്യത്തുംകാട് ശ്രീനാരായണമഠത്തിന്റെ സാരഥിയുമാണ്. രോഗി പരിചരണം, തന്റെ കടയുടെ മുന്നിലും പിന്നിലുമുള്ള റെയില്‍ – റോഡ്അപകടങ്ങളില്‍ പെടുന്നവരുടെ അടിയര ശുശ്രൂഷ, മരണാന്തര അടിയന്തിര നടപടികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇവയെല്ലാം ഈ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സാര്‍വ്വദേശീയ രാഷ്ട്രീയത്തിലും, ശാസ്ത്ര, സാമൂഹ്യ വിഷയങ്ങളിലും, ഒരു സാധാരണക്കാരന്റെ ആര്‍ജ്ജിത ജ്ഞാനം, എത്രമാത്രമുണ്ടെന്നറിയാന്‍ രണ്ട് മിനുട്ട് നേരം ഈ മനുഷ്യനോട് സംസാരിച്ചാല്‍ മാത്രം മതി.