ഉരുവിന്റെ നാട്ടിലെ ‘ബിരിയാണി മേളം’

ഉരുവിന്റെ നാട്ടിലെ ‘ബിരിയാണി മേളം’

വായില്‍ കപ്പലോടിക്കുന്ന ബിരിയാണിയുടെ നാടായ കോഴിക്കോട്ടില്‍ രുചിയുടെ തിരമാലകള്‍ തീര്‍ക്കുന്നതാണ് ബേപ്പൂരിലെ എടിക്കയുടെ ബിരിയാണി. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി എടിക്കയുടെ ബിരിയാണി നമുക്കിടയിലുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുകള്‍പ്പെറ്റ ബേപ്പൂര്‍ തുറമുഖത്തിനടുത്ത്, ബസ് സ്റ്റാന്റിനു മുമ്പിലാണ് നാഷണല്‍ ബിരിയാണി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ബിരിയാണി കച്ചവടത്തിലേക്കിറങ്ങുന്നതിന് മുന്‍പും ഇദ്ദേഹത്തിന് കച്ചവടത്തില്‍ തന്നെയായിരുന്നു താല്‍പര്യം. ബേപ്പൂര്‍ ഹൈസ്‌കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് അമ്മാവനായ ബീരാന്‍കോയയുടെ കൂടെ (അദ്ദേഹം കോണ്‍ട്രാക്ടറായിരുന്നു) കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിലേക്കായിരുന്നു ആദ്യ കാല്‍വെയ്പ്.
റായ്പൂരിലും മഹാരാഷ്ട്രയിലെ കുര്‍ളിയിലുമുള്ളവര്‍ക്ക് സൈറ്റുകളില്‍ ഹെല്‍പ്പറായാണ് കരിയര്‍ ആരംഭിക്കുന്നത്. 20-ാം വയസ്സില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായി. അങ്ങനെയാണ് ബേപ്പൂര്‍ ബസ് സ്്റ്റാന്റ് ബില്‍ഡിംഗില്‍ ഹോട്ടല്‍ ആരംഭിക്കുന്നത്. ചപ്പാത്തിയും കോഴിക്കറിയുമായിരുന്നു ഹോട്ടലിലെ സ്പെഷ്യല്‍. മിതമായ വിലയില്‍ അത്യന്തം രുചിയോടെ നല്‍കിയ ചപ്പാത്തിയും കോഴിക്കറിയും നാട്ടുകാരെ ഹോട്ടലിലെ സ്ഥിരം കസ്റ്റമറാക്കി. അക്കാലത്തൊന്നും ഹോട്ടലുകളില്‍ നല്ല ബിരിയാണി കിട്ടുന്ന കാലമായിരുന്നില്ല. 35 വര്‍ഷം മുമ്പ് കൂട്ടുകാരനായ അബ്ദുറഹിമാന്‍ പഠിപ്പിച്ചു കൊടുത്ത ബിരിയാണി കൂട്ടുമായി ഹോട്ടല്‍ ആരംഭിച്ചു. ബേപ്പൂരിലാരംഭിച്ച ബിരിയാണി കച്ചവടം മംഗലാപുരം, ഫറോക്ക്, ബേപ്പൂരില്‍ തന്നെ ഹാര്‍ബറിനടുത്ത് എന്ന കണക്കില്‍ വ്യാപിച്ചു. ഭക്ഷണം വിളമ്പുന്ന കാര്യത്തില്‍ അളവിനോട് എടിക്കയ്ക്ക് യാതൊരു യോജിപ്പുമില്ല. വിശപ്പ് മാറലാണ് മുഖ്യമെന്നദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
നല്ല കയമ അരി, മസാല സാധനങ്ങള്‍, ഇറച്ചി എന്നിവയെല്ലാം അന്നന്നത്തേക്ക് വാങ്ങി ഫ്രഷായി നല്ല വിറകടുപ്പില്‍ ചിരട്ടയും ചകിരിയും ഉപയോഗിച്ച് പാകപ്പെടുത്തിയെടുക്കുന്നതാണ് ഇദ്ദേഹത്തിന്റെ ബിരിയാണിയുടെ സവിശേഷത. രാവിലെ ഒമ്പത് മണിക്ക് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. രാത്രി 11 മണിവരെയാണ് പ്രവര്‍ത്തന സമയം. ബേപ്പൂരിലെ ഓഫീസുകള്‍, വീടുകളില്‍ നടക്കുന്ന ചെറിയ പാര്‍ട്ടികള്‍ എന്നിവിടങ്ങളിലേക്കെല്ലാം ബിരിയാണിക്ക് ഓര്‍ഡറുകള്‍ എത്താറുണ്ട്.
ബീഫ്-ചിക്കന്‍ ബിരിയാണികളാണ് പ്രധാനമായും നല്‍കി വരുന്നത്. മണ്ണാര്‍ക്കാട് സ്വദേശി സി.എം സിദ്ദീക്കാണ് പ്രധാന പണ്ടാരി. ജോലിക്കാരോടുള്ള എടിക്കയുടെ സമീപനവും മാതൃകാപരമാണ്. അവരെ അദ്ദേഹം തൊഴിലാളികളായി കാണാറില്ല. അവര്‍ക്ക് മാന്യമായ വേതനവും മറ്റ് സൗകര്യങ്ങളും ഇദ്ദേഹം തൃപ്തികരമായി നല്‍കാറുണ്ട്. ബിസിനസ് ലാഭമുണ്ടാകുന്ന ഒന്ന് മാത്രമാണെന്ന സങ്കല്‍പമല്ല ഇദ്ദേഹത്തെ നയിക്കുന്നത്. ബിസിനസ് മാന്യമായി, വൃത്തിയായി, മുന്നോട്ട് പോകുന്നതിനോടൊപ്പം കൂടെയുള്ളവരും അവരുടെ കുടുംബവും സന്തോഷത്തോടെ ജീവിക്കണം. നാട്ടില്‍ വിശപ്പുള്ളവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക അതും മിതമായ വിലയില്‍ ഇതാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. ഇദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണ്. റാഫി ഗാനങ്ങള്‍ നന്നായി പാടും.
മലബാര്‍ മഹോത്സവത്തില്‍ മാനാഞ്ചിറയിലും ട്രെയിനിംഗ് സ്‌കൂളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. ഇപ്പോള്‍ വേദികളില്‍ പാടാറില്ലെങ്കിലും, ഒഴിവു സമയങ്ങളില്‍ പാടാറുണ്ട്. ഭാര്യ സുഹറ (ഹിന്ദി ടീച്ചര്‍). മക്കള്‍ ഫിദ, ഫിബ, ഫിന്‍ഷ. മൂവരും വിവാഹിതര്‍. മകന്‍ മുഹമ്മദ് ഫിനാഷ് ആര്‍ക്കിടെക്ട് വിദ്യാര്‍ഥിയാണ്. ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ്. കച്ചവടത്തില്‍ ഉപ്പയെ സഹായിക്കാന്‍ ഫിനാഷും രംഗത്തുണ്ട്. നമുക്കുള്ളത്കൊണ്ട് മറ്റുള്ളവരെ സഹായിക്കുക, എല്ലാവരും നന്നായി ജീവിക്കുക എന്നതാണ് എടിക്കയുടെ ജീവിത വീക്ഷണം. ഹൃദയത്തില്‍ സംഗീതമുള്ളവര്‍ക്ക് ലോകത്തിലെ വൈജാത്യങ്ങള്‍ക്ക് പിന്നില്‍ പോകാനാകില്ല. സംഗീതം പോലെ തന്നെയാണ് ഭക്ഷണവും. സംഗീതം കൊണ്ട് മനസ് നിറയുമ്പോള്‍ എടിക്കയുടെ ഭക്ഷണം കൊണ്ട് മനസും വയറും നിറയും. അത് നിര്‍വ്വഹിക്കാനാകുന്നത് ഹൃയത്തില്‍ സംഗീതമുള്ള ഒരു വ്യാപാരിക്കാണെന്നതാണ് ഇന്നിന്റെ സൗന്ദര്യം.
Share

Leave a Reply

Your email address will not be published. Required fields are marked *