അറ്റ്ലാന്റിക്കിൽ കാണാതായ അന്തർവാഹിനിയിൽ കോടീശ്വര വ്യവസായികൾ; കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം

അറ്റ്ലാന്റിക്കിൽ കാണാതായ അന്തർവാഹിനിയിൽ കോടീശ്വര വ്യവസായികൾ; കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം

ന്യൂയോർക്ക് : ദക്ഷിണ അറ്റ്ലാന്റിക് കടലിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതം. അഞ്ച് യാത്രികരാണ് ഓഷ്യൻ എക്സ്പഡീഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ടൈറ്റൻ എന്ന അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. പാക്ക്, ബ്രിട്ടീഷ് കോടീശ്വരന്മാർ അടങ്ങുന്ന സംഘമാണിത്.

22 അടി നീളമുള്ള ഈ അന്തർവാഹിനിയിൽ 96 മണിക്കൂർ നേരം മാത്രമേ ഓക്സിജൻ ലഭിക്കുകയുള്ളൂ. ഇത് തീരും മുമ്പ് യാത്രികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തർ.

ഞായറാഴ്ചയാണ് അഞ്ച് യാത്രികരുമായി അന്തർവാഹിനി യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ∙

പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായുള്ള ‘എൻ​ഗ്രോ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ മേധാവി ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ എന്നിവരാണ് അന്തർ വാഹിനിയിലെ യാത്രികരിൽ രണ്ടുപേർ. ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്ങാണ് അന്തർവാഹിനിയിലുള്ള മറ്റൊരാൾ. ആക്‌‍ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ഉടമയാണ് അൻപത്തെട്ടുകാരനായ ഹാർഡിങ്. പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റും അന്തർവാഹിനിയിലുള്ളതായി സൂചനയുണ്ട്. യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷാണ് അന്തർവാഹിനിയിലെ അഞ്ചാമനെന്നാണ് വിവരം. ∙

‘പോളർ പ്രിൻസ്’ എന്ന ഗവേഷണ കപ്പലാണ് ഇവരുടെ യാത്രയ്ക്ക് മാർഗദർശിയായി ഉണ്ടായിരുന്നത്. ഈ കപ്പലും അന്തർവാഹിനിയുമായുള്ള ബന്ധം യാത്ര തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ വിച്ഛേദിക്കപ്പെടുകയായിരുന്നു.

വിവിധ സർക്കാർ ഏജൻസികളും സമുദ്ര പര്യവേക്ഷണ കമ്പനികളും രക്ഷാപ്രവർത്തന രം​ഗത്തുണ്ട്. സൈനിക വിമാനങ്ങളും അന്തർവാഹിനികളും കടലിനടിയിൽ പരിശോധന നടത്തുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.

അറ്റ്‌ലാന്റിക് സമുദ്രത്തിൽ, സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *