പ്രഭാസ് നായകനായെത്തിയ ആദിപുരുഷിനെ ‘ഹോളിവുഡിന്റെ കാര്‍ട്ടൂണ്‍’ എന്ന് പരിഹസിച്ച് രാമായണ്‍ സീരിയലിലെ രാമന്‍. രാമായണ്‍ ടെലിവിഷന്‍ സീരിയലില്‍ രാമനായി വേഷമിട്ട അരുണ്‍ ഗോവിലാണ് ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരം പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് അനൗചാരികമായ സംഭാഷണങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി സമയത്ത് താന്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ നിര്‍മാതാക്കള്‍ക്ക് അദ്ദേഹം നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.ഇത്രയും കാലം നമ്മള്‍ ഇഷ്ടപ്പെട്ടതും അറിഞ്ഞതുമായ രാമായണത്തിന് എന്തായിരുന്നു പ്രശ്നം. എന്തിനാണിത് ഇങ്ങനെ മാറ്റിയത്. ഒരു പക്ഷേ ആദിപുരുഷ് ടീമിന് സീതയിലും രാമനിലുമൊന്നും വിശ്വാസം ഉണ്ടായിരിക്കുകയില്ല- അരുണ്‍ ഗോവില്‍ പറഞ്ഞു. 1987 ല്‍ രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണ്‍ ഇന്ത്യയിലെ ഏക്കാലത്തെയും മികച്ച ടെലിവിഷന്‍ സീരിയലുകളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഇതിന് പുറമേ ചിത്രത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നിലവാരം കുറഞ്ഞ വി.എഫ്.എക്സ് ദൃശ്യങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും വിമര്‍നങ്ങളുയരുന്നു. ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ ആദിപുരുഷിന് ലോകത്തൊട്ടാകെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരുടേയും ഹൃദയം കീഴടക്കാന്‍ ചിത്രത്തിനായി എന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.അതേ സമയം വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.