കോഴിക്കോട്: സൈനേജ് പ്രിന്റിംഗ് മേഖലയിലുള്ള 1244 പ്രിന്റിംഗ് യൂണിറ്റുകളെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയും ഭീമമായ പിഴ ചുമത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണെന്ന് സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നര ലക്ഷത്തോളം തൊഴിലാളികളുടെ ഉപജീവനമാര്‍ഗം പ്രതിസന്ധിയിലാണ്. 29-08-2019ന് ശാസ്ത്രീയ പഠനമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഫ്‌ളകസ് പ്രിന്റിംഗ് നിരോധിച്ചത്. ഫ്‌ളക്‌സ് റീസൈക്കിള്‍ ചെയ്യാമെന്ന ഡല്‍ഹി ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
റെക്‌സിന്‍ റീസൈക്ലിംഗ് ചെയ്യുന്ന എല്ലാ യൂണിറ്റിലും ഫ്‌ളക്‌സ് റീസൈക്ലിംഗ് ചെയ്യാമെന്നിരിക്കേ മറ്റൊരു പ്ലാസ്റ്റിക് ഉല്‍പ്പന്നമായ പോളി എഥിലിന്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ദേശിക്കുന്നത്. പോളി എഥിലിന്‍ മെറ്റീരിയല്‍ സൈനേജ് പ്രിന്റിംഗിന് ഒരുതരത്തിലും ഉപയോഗ്യമല്ലാത്തതിനാലാണ് പ്രിന്റിംഗ് യൂണിറ്റുകള്‍ തുണിയില്‍ പ്രിന്റ് ചെയ്ത് തുടങ്ങിയത്. തുണിയില്‍ പോളിസ്റ്റര്‍ അടങ്ങിയിട്ടുണ്ടെന്ന കാരണം പറഞ്ഞ് തുണി പ്രിന്റിംഗിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഈ മേഖലക്കെതിരായ പീഡനം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സാബിഖ് വി.സി, ജന.സെക്രട്ടറി സിറാജുദ്ദീന്‍.കെ, ട്രഷറര്‍ ശ്രീജിത് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.