‘വായന വളരട്ടെ’

‘വായന വളരട്ടെ’

വായനയുടെ പ്രാധാന്യം ചര്‍ച്ച ചെയ്യേണ്ട ദിവസമാണിന്ന്. വായന മരിക്കുന്നൂ എന്ന മുറവിളി ഒരുഭാഗത്ത് ഉയരുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ പുസ്തക-പത്ര വായനകള്‍ കുറയുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ വായന മറ്റൊരു രീതിയില്‍ നടക്കുന്നുണ്ടെന്നത് ആശാവഹമാണ്. ഡിജിറ്റലായുള്ള വായന കൂടുതല്‍ യുവജനങ്ങളിലാണ് കാണുന്നത്. മൊബൈല്‍ വഴി കഥകളും കവിതകളും ലേഖനങ്ങളും വായിക്കപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ധാരാളം എഴുത്തുകാരുടെ രചനകള്‍ വെളിച്ചം കാണുകയും അവര്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും എഴുത്തിന്റെ മേഖലയില്‍ തുടരുന്നതും ദൃശ്യമാണ്. പുസ്തക പ്രസാധന രംഗത്തും നല്ല മുന്നേറ്റമുണ്ട്. ധാരാളം യുവ എഴുത്തുകാരുടെ രചനകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. കൂട്ടായ സംരംഭങ്ങളിലൂടേയും പുസ്തകപ്രസാധനം നടക്കുന്നുണ്ട്.

ഇതെല്ലാം കാണിക്കുന്നത് വായന മരിക്കുന്നില്ല എന്നത് തന്നെയാണ്. കേരളത്തിലെ സുശക്തമായ ഗ്രന്ഥശാല പ്രസ്ഥാനം, ഗ്രാമങ്ങള്‍തോറുമുള്ള ലൈബ്രറികള്‍, വായനശാലകള്‍ എല്ലാം സജീവമാണ്. അവിടങ്ങളില്‍ മികച്ച ഗ്രന്ഥങ്ങള്‍, ആനുകാലികങ്ങള്‍ എല്ലാം ലഭിക്കുന്നുമുണ്ട്. സര്‍ക്കാര്‍, സന്നദ്ധ സംഘടകള്‍ എല്ലാവരും ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം മികച്ചതായി കൊണ്ടുപോകാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. പത്രം വായിച്ച് പ്രഭാതമാരംഭിക്കുക എന്നത് മലയാളികളുടെ ദിനചര്യയാണ്.

അതികാലത്ത് തന്നെ പത്രം വീടുകളിലെത്തുകയും അത് വായിക്കപ്പെടുന്നതും പതിവാണ്. ഡിജിറ്റല്‍ മീഡിയ ഉപയോഗിച്ചുള്ള വായനയെക്കാളും ഹൃദ്യമാകുന്നത് ഇത്തരത്തിലുള്ള വായനയാണ്. യുവതലമുറയെ കൂടുതലായി ഗ്രന്ഥശാല പ്രസ്ഥാനത്തിലേക്കും സാംസ്‌കാരിക മേഖലകളിലേക്കും ഇടപെടുവിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം. യുവജന സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. മാതൃഭാഷയുടെ സംരക്ഷണത്തിനും വായന വളര്‍ത്തേണ്ടത് അനിവാര്യതയാണ്. ഈ വായനാദിനത്തില്‍ വായന വളര്‍ത്താനുള്ള ഇടപെടലുകളാണ് വേണ്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *