മാഹി : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും കോമണ്‍വെല്‍ത്ത് എജ്യുക്കേഷണല്‍ മീഡിയ സെന്റര്‍ ഫോര്‍ ഏഷ്യയും, ജന്‍വാണി 90.8 എഫ്.എം റേഡിയോ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 ന് മാഹിയില്‍ യോഗ മഹോത്സവ് – 2023 സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാഹി നെഹ്‌റു യുവകേന്ദ്ര , ജവഹര്‍ നവോദയ വിദ്യാലയ എന്നിവയുടെ സഹകരണത്തോടെ 21 ന് രാവിലെ 7 മണിക്ക് പന്തക്കല്‍ നവോദയ വിദ്യാലയത്തില്‍ വെച്ചാണ് ആഘോഷങ്ങള്‍. യോഗ മഹോത്സവ് മുന്‍ യോഗ ഗുരു പുരസ്‌കാര ജേതാവ് യോഗാചാര്യ അഡ്വ.വി.രാജു ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ ‘യോഗ ഗുരു’ പുരസ്‌കാര ജേതാവ് കെ.എ.വിജയന്‍ എരുവട്ടിക്ക് ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കും. യോഗാചാര്യന്മാരായ ജംഷാദ് അത്തോളി, കെ.കെ. നിഷാന്‍ എന്നിവരെ വ്യക്തിഗത വിഭാഗത്തിലും രണ്ട് യോഗ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളെയും ”യോഗ പ്രചാരക് ‘ പുരസ്‌കാരം നല്‍കി ആദരിക്കും.
ഇതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച യോഗ പോസ്റ്റര്‍ രചനാ മത്സരം, ഉപന്യാസ മത്സരം എന്നിവയിലെ വിജയികള്‍ക്ക് മൂന്ന് വിഭാഗങ്ങളിലായി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഏഴാം ക്ലാസ് മുതല്‍ 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വിഭാഗങ്ങളായും പൊതുജനങ്ങള്‍ക്ക് പ്രത്യേക വിഭാഗമായും യോഗ പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8606609000 എന്ന നമ്പരില്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യണം. പത്രസമ്മേളനത്തില്‍ റേഡിയോ ജന്‍വാണി 90.8 എഫ്.എം.സ്റ്റേഷന്‍ ഡയരക്ടര്‍, നിര്‍മ്മല്‍ മയ്യഴി, നെഹ്‌റു യുവ കേന്ദ്ര, ജില്ലാ യൂത്ത് ഓഫീസര്‍ കെ. രമ്യ എന്നിവര്‍ പങ്കെടുത്തു.