മഴയില്‍ മുങ്ങി ചെന്നൈ; വിമാനങ്ങള്‍ തിരിച്ചുവിട്ടു, സ്‌കൂളുകള്‍ക്ക് അവധി

മഴയില്‍ മുങ്ങി ചെന്നൈ; വിമാനങ്ങള്‍ തിരിച്ചുവിട്ടു, സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: ശക്തമായ മഴയില്‍ മുങ്ങി ചെന്നൈ. ചെന്നൈയെ കൂടാതെ തഞ്ചാവൂര്‍, രാമനാഥപുരം, നാഗപട്ടണം, തിരുവാരൂര്‍, കൂഡല്ലൂര്‍, വില്ലുപുരം, മലിയാടുതുറൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, കള്ളകുറിച്ചി, തിരുവള്ളൂര്‍, അരിയലൂര്‍, പെരംബലൂര്‍, ശിവഗംഗ, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലും ശക്തമായ മഴ ബാധിച്ചു.

ചെന്നൈ നഗരത്തില്‍ റോഡുകളിലാകെ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളും മറ്റ് ആശയവിനിമയ സംവിധാനങ്ങളും തകര്‍ന്നനിലയിലാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവറിയിച്ചെത്തിയ മഴ മണിക്കൂറുകളോളം ശക്തമായി പെയ്തു. പിന്നീട് ശക്തി കുറഞ്ഞ് മഴ തുടര്‍ന്നതോടെയാണ് നഗരം വെള്ളത്തില്‍ മുങ്ങിയത്.

ചെന്നൈയിലടക്കം ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, റാണിപേട്ട് എന്നീ ജില്ലകളിലാണ് അവധി നല്‍കിയിരിക്കുന്നത്. കൂടാതെ ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. 10 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ചെന്നൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുകയാണ്. ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.കാഞ്ചീപുരം, ചെങ്കല്‍പട്ട്, കടലൂര്‍, തിരുച്ചി, പേരാമ്പ്ര എന്നിവയുള്‍പ്പെടെ 13 ജില്ലകളില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനത്താകെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലീമീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. സാധാരണയായി ജൂണ്‍ മാസത്തില്‍ 55 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. 1996ന് ശേഷം ആദ്യമായാണ് ജൂണ്‍ മാസത്തില്‍ ഇത്രയും മഴ ലഭിക്കുന്നത്.

നഗരത്തിലെ ജല വിതരണം നടത്തുന്ന ചെമ്പരമ്പാക്കം റിസര്‍വോയറിലേക്ക് ഒറ്റരാത്രികൊണ്ട് പെയ്ത മഴയില്‍ ഗണ്യമായ തോതില്‍ വെള്ളമെത്തി. തിങ്കളാഴ്ച രാവിലെ ആറ് മണി വരെ 921 ക്യുസെക്സ് മഴവെള്ളം ഒഴുകിയെത്തിയതായാണ് കണക്ക്.

 

Share

Leave a Reply

Your email address will not be published. Required fields are marked *