തലശേരി: ബാറ്ററിയില്‍ ഓടുന്ന സ്‌കൂട്ടറില്‍ അമിതവേഗതയില്‍ പോയെന്ന് ആരോപിച്ച് തന്റെ മകനെ ഒരാള്‍ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ പൊലിസില്‍ നിന്നു നീതി ലഭിച്ചില്ലെന്ന പരാതിയുമായി മാതാവ് രംഗത്ത്. മട്ടന്നൂര്‍ 19ാം മൈലിലെ ബൈത്തുല്‍ അമീനില്‍ ബുശ്റ ആണ് മട്ടന്നൂര്‍ പൊലിസിനെതിരേ ആരോപണം ഉന്നയിക്കുന്നത്. മകനായ മുഹമ്മദ് ബാസില്‍ കഴുത്തിനും ചെവിക്കും പരുക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോപണ വിധേയനായ മട്ടന്നൂര്‍ സ്വദേശിയായ പ്രേമനെതിരേ നിസാര വകുപ്പുകള്‍ മാത്രം ചേര്‍ത്ത് ജാമ്യം നല്‍കിയെന്ന് ബുഷ്‌റ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദ സംഭവം.മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സഹോദരനെയും കൂട്ടി സ്‌കൂട്ടറില്‍ പോകവെ മട്ടന്നൂര്‍ കട്ടന്‍ കവര്‍ ഗ്രൗണ്ടിനു സമീപം വച്ചായിരുന്നു സംഭവം. മുഹമ്മദ് ബാസിലിനെ പിന്തുടര്‍ന്ന് തടഞ്ഞുവച്ച് മര്‍ദിച്ചെന്നാണ് പരാതി. സംഭവം സംബന്ധിച്ച് ബാലാവകാശ കമ്മീഷന് ഓണ്‍ലൈനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ബുഷ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.