മാഹി : ശാരീരിക ആരോഗ്യം സംരക്ഷിക്കാന്‍ നല്ല ഭക്ഷണമെന്നപോലെ മനസ്സു വിമലീകരിക്കാന്‍ നല്ല വായന ഉപകരിക്കുമെന്ന് ഏം.മുസ്തഫ മാഷ് പറഞ്ഞു. പള്ളൂര്‍ വി.എന്‍.പുരുഷോത്തമന്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സംഘടിപ്പിച്ച വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം പെരുകി വരുന്ന കാലത്ത് മുതിര്‍ന്നവരുടെ സഹായത്തോടെ നല്ല പുസ്തകങ്ങള്‍ കണ്ടെത്തി വായിക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്നും ദുഷിച്ച ഭക്ഷണം ശരീരത്തെയും ദുഷിച്ച വായന മനസ്സിനെയും നശിപ്പിക്കുമെന്നും മുസ്തഫ മാഷ് ഓര്‍മിപ്പിച്ചു.
സിനിമാ പിന്നണി ഗായകനും, എഴുത്തുകാരനും ഗാനരചയിതാവും അധ്യാപകനുമായ ശ്രീ എം. മുസ്തഫ മാഷ് നേരത്തെ കുട്ടികളോടൊപ്പം പി.എന്‍. പണിക്കരുടെ ഛായാചിത്രത്തിനു മുന്നില്‍ അക്ഷരാര്‍ച്ചന അര്‍പ്പിച്ചു കൊണ്ട് പ്രതീകാത്മകമായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ കെ. ഷീബ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.പി.പ്രദീപന്‍, സി.കെ,സുജയ, എം.കെ ബീന, എന്നിവര്‍ ആശംസയര്‍പ്പിച്ചു. കെ.കെ സ്‌നേഹപ്രഭ സ്വാഗതവും കെ.എം രാധാമണി നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് പദക്കുമ്പിള്‍ മത്സരം, പുസ്തകക്കുമ്പിള്‍ മത്സരം, ക്വിസ്, ഓപ്പണ്‍ ബുക്‌സിന്റെ നേതൃത്വത്തില്‍ പുസ്തകോത്സവം എന്നിവ സംഘടിപ്പിച്ചു. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ പോസ്റ്റര്‍ നിര്‍മ്മാണം, കൊളാഷ് നിര്‍മ്മാണം, ക്ലാസ്സ് ലൈബ്രറി ഒരുക്കല്‍, ചിഹ്ന ചക്രം നിര്‍മ്മാണം, പുസ്തകാസ്വാദനം എന്നീയിനങ്ങളില്‍ മത്സരങ്ങള്‍ നടത്തും. സമാപന സമ്മേളനവും ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രഭാഷണ പരിപാടിയും എന്‍. രാജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും അന്നേ ദിവസം നടക്കും.