കോഴിക്കോട്: ബക്രീദ് പ്രമാണിച്ച് മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍ ഖാദി ബക്രീദ് മേളക്ക് തുടക്കമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദോത്തികള്‍, ലുങ്കികള്‍, കാവി കുപ്പടങ്ങള്‍, ബെഡ്ഷീറ്റ്, സാരികള്‍, റെഡിമെയ്ഡുകള്‍, ഉന്നം നിറച്ച കിടക്കകള്‍ തുടങ്ങിയ കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് മേളയിലൂടെ ലഭിക്കും.
ഖാദി തുണിത്തരങ്ങള്‍ക്ക് പുറമേ കരകൗശല വസ്തുക്കള്‍, ഫര്‍ണീച്ചര്‍-ലതര്‍ ഉല്‍പ്പന്നങ്ങള്‍, ആുര്‍വേദ സൗദര്യ വര്‍ധക വസ്തുക്കള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി നിരവധി ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍ നിന്നും ലഭിക്കും. മേളയോടനുബന്ധിച്ച് നടന്ന സ്‌പെഷ്യല്‍ റിബേറ്റിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ നിര്‍വഹിച്ചു. കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡന്റ് കെ.കെ മുരളീധന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി ധര്‍മരാജ് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി.
സംഘം വൈസ് പ്രസിഡന്റ് ജി.എം സിജിത്ത്, ട്രഷറര്‍ എ.കെ ശ്യാംപ്രസാദ്, എം.പ്രകാശന്‍, എമ്പോറിയം മാനേജര്‍ കെ.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് സര്‍വോദയ സംഘം പുറത്തിറക്കിയ സര്‍വോദയ കോക്കനട്ട് ഓയിലിന്റെ ആദ്യ വില്‍പ്പന കൗണ്‍സിലര്‍ക്ക് നല്‍കിക്കൊണ്ട് ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പലിശരഹിത തവണ വ്യവസ്ഥകളിലൂടെ സാധനങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിമുതല്‍ രാത്രി എട്ടുമണിവരെയാണ് സന്ദര്‍ശന സമയം. മേളക്ക് 27ന് സമാപനമാകും.