ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഇന്ത്യക്ക്

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഇന്ത്യക്ക്

ഭുവനേശ്വര്‍: രണ്ടാം തവണയും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ലെബനാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ലാലിയന്‍സ്വാല ചാങ്‌തെയുമാണ് ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍നിന്നും രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ ആവേശോജ്ജ്വല കളിയാണ് ടീം ഇന്ത്യ പുറത്തെടുത്തത്. അത് ഫലം കാണുകയും ചെയ്തു. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടില്‍ തന്നെ ക്യാപ്റ്റന്‍ ഛേത്രി ഇന്ത്യക്ക് ആദ്യ ലീഡ് സമ്മാനിച്ചു. വലത് വിങ്ങില്‍ നിഖില്‍ പൂജാരിയുടെ ബാക്ക്ഹീല്‍ നട്മെഗില്‍ നിന്ന് ചാങ്‌തെ ലെബനാന്‍ ഡിഫന്‍ഡറെ വെട്ടിച്ച് നല്‍കിയ അസിസ്റ്റ് സ്വീകരിച്ച് സുനില്‍ ഛേത്രി ഫിനിഷ് ചെയ്യുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി 87ാമത് അന്താരാഷ്ട്രഗോളാണ് ഛേത്രി നേടുന്നത്. 65ാം മിനിട്ടില്‍ ചാങ്‌തേയിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടംകാല്‍ കൊണ്ട് ചാങ്‌തെ തൊടുത്ത ഷോട്ട് ലെബനാന്‍ ഗോളി അലി സാബയെ കാഴ്ചക്കാരനാക്കി വലയില്‍ തുളച്ചുകയറി. ഇതോടുകൂടി സമ്മര്‍ദത്തിലായ ലെബനാന് പിന്നീട് കളിയിലേക്ക് തിരിച്ചു വരാനായില്ല. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയത്തോടുകൂടി ഇഗോര്‍ സ്റ്റിമാകിന്റെ ചുണക്കുട്ടികള്‍ കോണ്ടിനെന്റല്‍ കപ്പ് വീണ്ടുമുയര്‍ത്തി. ഇന്ത്യ, ലെബനന്‍, മംഗോളിയ, വനൗതു എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ പ്രാഥമിക റൗണ്ടിലെ ആദ്യ രണ്ടുസ്ഥാനക്കാരായാണ് ഇന്ത്യയും ലെബനനും ഫൈനലിലെത്തിയത്. 2018ല്‍ മുംബൈയില്‍ നടന്ന ആദ്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ 2-0ന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 2019ല്‍ കൊറിയയാണ് ചാംപ്യന്‍മാരായത്. കൊവിഡിനെ തുടര്‍ന്ന് പിന്നീടുള്ള വര്‍ഷങ്ങളില്‍ ചാംച്യന്‍ഷിപ്പ് നടത്തിയിരുന്നില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *