ഭിന്ന ശേഷിയുള്ള കുട്ടികളെ ചേര്‍ത്തുനിര്‍ത്തേണ്ടത് അനിവാര്യം: റഷീദലി ശിഹാബ് തങ്ങള്‍

ഭിന്ന ശേഷിയുള്ള കുട്ടികളെ ചേര്‍ത്തുനിര്‍ത്തേണ്ടത് അനിവാര്യം: റഷീദലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ഭിന്നശേഷിയുള്ള കുട്ടികളെ ചേര്‍ത്ത് പിടിച്ച് ഒപ്പം നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാര്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ സംരക്ഷണവും പൂര്‍ണ ഉത്തരവാദിത്വവും ആരോഗ്യപരമായും മറ്റു രീതിയിലുള്ള സഹായങ്ങളും അനിവാര്യമെങ്കില്‍ അതെല്ലാം ചെയ്തു കൊടുത്തു കൊണ്ട് വിദ്യാഭ്യാസപരമായി ഉയര്‍ത്തി കൊണ്ടുവരികയും മറ്റുള്ള കുട്ടികളോടൊപ്പം ഇടപഴകാനും കളിക്കാനുമുള്ള സാഹചര്യം ഒരുക്കി കൊടുത്തും സമൂഹത്തിന്റെ കൂടെ ചേര്‍ക്കാന്‍ നാം സന്നദ്ധരാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാനായപ്പോള്‍ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ആയിരം രൂപ പാസാക്കിയിരുന്നതായും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സെന്റര്‍ പ്രസിഡന്റ് കെ.പി കോയ ഹാജി അധ്യക്ഷനായി. സി. എച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ പ്രസിഡന്റ് മൊയ്തീന്‍ വെണ്ണക്കാട്, പെരുവയല്‍ പഞ്ചായത്ത് അംഗം ബിജു ശിവദാസന്‍, സെന്റര്‍ വൈസ് പ്രസിഡന്റ് മരക്കാര്‍ ഹാജി, സെക്രട്ടറി അരിയില്‍ മൊയ്തീന്‍ ഹാജി, ജനറല്‍ മാനേജര്‍ അബ്ദു റഹിമാന്‍, നാസര്‍ മാസ്റ്റര്‍ ആയഞ്ചേരി ,പി.സി ഖാദര്‍ ഹാജി സംസാരിച്ചു. ട്രഷറര്‍ ടി.പി മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഒ.ഹുസൈന്‍ നന്ദിയും പറഞ്ഞു. റിന്‍സി മൂസ നേതൃത്വം നല്‍കിയ കലാവിരുന്നും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *