സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡല്‍ഹിയില്‍ നടക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എട്ട് പേരുടെ പട്ടികയില്‍ നിന്ന് മൂന്ന് പേരെ ഉന്നതതല യോഗം നിര്‍ദേശിക്കും. ഈമാസം 30നാണ് അനില്‍കാന്ത് വിരമിക്കുന്നത്. ആറ് മാസം സര്‍വീസ് ബാക്കി നില്‍ക്കെയാണ് അനില്‍കാന്തിനെ ഡി.ജി.പിയായി സര്‍ക്കാര്‍ നിയമിച്ചത്. പിന്നീട് രണ്ട് വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു.
ഡി.ജി.പിമാരായ നിതിന്‍ അഗര്‍വാള്‍, കെ. പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് പേര്‍. നിതിന്‍ അഗര്‍വാള്‍ ബി.എസ്.എഫ് ഡയറക്ടറായി ചുമതലയേറ്റതിനാല്‍ സംസ്ഥാന സര്‍വീസിലേക്ക് മടങ്ങിവരാന്‍ സാധ്യത കുറവാണ്. നാലാമതുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരില്‍ ഒരാള്‍ അടുത്ത പോലീസ് മേധാവിയാകാനാണ് സാധ്യത. രണ്ട് പേര്‍ക്കും രണ്ട് വര്‍ഷം സര്‍വീസ് ബാക്കിയുണ്ട്.