നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും ഹരിത കര്‍മ്മസേനയെ ഉപയോഗിച്ചുകൊണ്ടുള്ള അജൈവ മാലിന്യ ശേഖരണത്തിന് സുസ്ഥിര സംവിധാനം ഒരുക്കി കോഴിക്കോട് കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ കീഴിലുള്ള ഹരിത കര്‍മ്മസേനയും സ്വകാര്യ ഏജന്‍സികളുമാണ് നിലവില്‍ ഹോട്ടലുകളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു വരുന്നത് .
സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണത്തിന് വേണ്ടി മാത്രം 20 പേരുള്ള ഹരിത കര്‍മ്മസേനയെയാണ് ചുമതലപ്പെടുത്തുക. ഓരോ സ്ഥാപനത്തിലെയും മാലിന്യ ശേഖരണത്തിന്റെ കാലക്രമം അറിയുന്നതിന് വേണ്ടിയുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രൈവറ്റ് ഏജന്‍സി എടുത്തിരുന്ന ഹോട്ടലുകളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി ഹരിത കര്‍മ്മ സേനയുടെ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി.
പ്ലാസ്റ്റിക്, കടലാസുകള്‍, അലൂമിനിയം ഫോയില്‍ കവറുകള്‍, ചില്ലുകള്‍ എന്നിങ്ങനെ തരം തിരിച്ച മാലിന്യങ്ങളാണ് ഹരിത കര്‍മ്മസേന ശേഖരിക്കുക. അതാതു സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ തരം തിരിച്ചു അജൈവ മാലിന്യങ്ങള്‍ കൈമാറണം. ഇനം തിരിച്ചു അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള മൊബൈല്‍ എം.സി.എഫ് വാഹന സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട് .